നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ
ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തൻ്റെ 5 ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി. ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിൽ എത്തിയാണ് രാധ പരാതി നൽകിയത്.ഇന്ന് രാവിലെയാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി രാധ അംബികയ്ക്കും സഹോദരന് അര്‍ജുനും എതിരെ പരാതി നല്‍കിയത്. അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തുക തട്ടിപ്പ് നടന്നതായി അറിയുന്നതെന്നും രാധ പരാതിയിൽ പറയുന്നു. തന്റെ പഴയ അഞ്ച് ചെക്കുകൾ പണം മാറാനായി ബാങ്കിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സെപ്റ്റംബർ 17ന് ബാങ്കിൽ നിന്നും അറിയിപ്പ് ലഭിച്ചപ്പോൾ താൻ ഞെട്ടിപ്പോയതായെന്നും രാധ പറയുന്നു. വിവരമറിഞ്ഞയുടൻ തന്നെ ആ ചെക്കുകളുടെ പണമിടപാടുകൾ തടയാൻ ബാങ്കിന് നിർദ്ദേശം നൽകിയെന്നും തന്റെ സഹോദരിക്ക് താൻ ഒരിക്കലും ആ ചെക്കുകൾ കൈമാറിയിട്ടില്ലെന്നും, അത്തരമൊരു തുക നൽകേണ്ടതായ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും സഹോദരിയുമായി നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.തന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ഈ ചെക്കുകൾ, താൻ സ്ഥലത്തില്ലാത്ത സമയത്ത് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് എടുത്തതെന്ന് രാധ ആരോപിക്കുന്നു. ഈ ചെക്കുകളിലെ വിവരങ്ങൾ പൂരിപ്പിച്ചത് സഹോദരൻ ആണെന്നും രാധ തന്റെ പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയിൽ രണ്ട് ഭാഗങ്ങളിൽ ആയാണ് ഇരുവരും താമസിച്ചിരുന്നത്. സഹോദരി ആയതിനാൽ തന്റെ വീട്ടിൽ വരാൻ അംബികയ്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും രാധ പറയുന്നു. പണം തട്ടിയതിന് പുറമേ കുടുംബ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തിലും തർക്കമുണ്ടെന്നും സൂചനയുണ്ട് ; പരാതിയിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.