നഴ്സിങ് വിദ്യാർഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹ വിദ്യാർഥിനികൾ പൊലീസ് കസ്റ്റഡിയിൽ
പത്തനംതിട്ട : പത്തനംതിട്ട എസ്.എം.ഇ കോളജിലെ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കുമെന്നും എഫ്.ഐ.ആറിൽ മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത രണ്ടുപേർ കോട്ടയം സ്വദേശികളും ഒരാൾ കൊല്ലം പത്തനാപുരം സ്വദേശിയുമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളജിലെ അവസാനവർഷ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് താഴെ വെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. മരണത്തിൽ സഹപാഠികളായ മൂന്നുപേര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവർ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ പരാതി. രേഖാമൂലം പരാതി നൽകിയിട്ടും കോളജ് അധികൃതർ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.