കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം; ആറളം പഞ്ചായത്തിൽ ഇന്ന് യുഡിഎഫ്, ബിജെപി ഹർത്താൽ
കണ്ണൂർ : കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. യുഡിഎഫും ബിജെപിയുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് ബിജെപി നേതൃത്വത്തിൻ്റെ ആരോപണം. ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആറളം ഫാം സന്ദർശിക്കും. ഇതിനിടെ ആറളത്ത് ഇന്ന് സർവ്വകക്ഷി യോഗം ചേരാൻ തിരുമാനിച്ചിട്ടുണ്ട്. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ യോഗത്തിൽ പങ്കെടുക്കും. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾ മരിക്കാൻ ഇടയായ സംഭവത്തെ തുടർന്ന് തിങ്കളാഴ്ച സർവകക്ഷി യോഗം വിളിച്ചു ചേർക്കാൻ ഇന്ന് വൈകുന്നേരം ചേർന്ന കണ്ണൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇന്ന് വൈകുന്നേരം 3.00 മണിക്കാണ് സർവ്വകക്ഷിയോഗം ചേരുന്നത്.
വനംമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ ജില്ലാ കളക്ടറുമായി സംസാരിച്ച് അടിയന്തര യോഗം വിളിക്കുകയായിരുന്നു. അടിക്കാടുകൾ ഉടൻ വെട്ടി മാറ്റാൻ ഇന്നലെ ചേർന്ന കണ്ണൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ആറളത്ത് ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ ഉള്ള നടപടി തുടരും. ആനമതിൽ പണി വേഗത്തിൽ ആക്കാൻ നാളത്തെ യോഗത്തിൽ TRDMനോട് ആവശ്യപ്പെടും . നാളത്തെ യോഗത്തിൽജില്ലാ കളക്ടർ, പോലീസ്, വനം, ട്രൈബെൽ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മരണപ്പെട്ടവരുടെ കുടുംബത്തിന് നാളെ അഞ്ച് ലക്ഷം രൂപ വീതം ആദ്യ ഗഡു നഷ്ടപരിഹാരം നൽകും. ബാക്കി പത്ത് ലക്ഷം നടപടികൾ പൂർത്തിയാക്കിയ ഉടൻ തന്നെ നൽകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.