അർജുനെ കണ്ടെത്തുന്നതിൽ പ്രതിസന്ധി; ‘അർജുൻ ലോറിക്കകത്ത് ഉണ്ടെന്ന് ഉറപ്പില്ല’, നാവികസേന
ഷിരൂർ : കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് നാവികസേന. ‘അർജുൻ ലോറിക്കകത്ത് ഉണ്ടെന്ന് ഉറപ്പില്ല’; മുന്നിലുള്ള വലിയ പ്രതിസന്ധിയെന്ന് നാവികസേനവരുത്താനായിട്ടില്ലെന്ന് തിരച്ചിലിന് നേതൃത്വം നൽകുന്ന റിട്ട. മേജർ ജനറൽ എം. ഇന്ദ്രപാലൻ മാധ്യമപ്രവർത്തകരെ അറിയിച്ചു. അപകട സമയത്ത് അദ്ദേഹം ലോറിക്കകത്തുതന്നെ ഉണ്ടായിരുന്നോ എന്നും ഉറപ്പില്ല. ഗംഗാവാലി പുഴയിൽ രണ്ട് ഡ്രോണുകളുടെ സഹായത്താൽ നടത്തിയ ഐ ബോഡ് സ്കാനിങ്ങിൽ നാലിടങ്ങളിൽ ലോഹ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒന്ന് റോഡിനെ വേർതിരിക്കാനുപയോഗിക്കുന്ന റെയിലാണ്. രണ്ടാമത്തേത് ടവറും മൂന്നാമത്തേത് അർജുൻ ഉണ്ടെന്ന് കരുതുന്ന ലോറിയും നാലാമത്തേത് ടാങ്കറിന്റെ കാബിനുമാണ്. അതിൽ മാഗ്നറ്റോ മീറ്ററിന്റെ സഹായത്തോടുകൂടി മൂന്നെണ്ണത്തിന്റെ സാന്നിധ്യം എവിടെയൊക്കെയാണെന്ന് കൃത്യമായി ലഭിച്ചിട്ടുണ്ട്. നാലാമത്തേതാണ് അറിയാൻ ബാക്കിയുള്ളത്.
ഇന്നലെ ഉച്ചക്കുശേഷം നടന്ന തിരച്ചിലിലാണ് അർജുൻ ഉണ്ടെന്ന് കരുതുന്ന ട്രക്കിനെക്കുറിച്ച് ഏതാനും വിവരങ്ങൾ ലഭിച്ചത്. റോഡരികിൽനിന്നും 50 മീറ്റർ ദൂരത്താണ് ട്രക്ക് ഉള്ളത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അഞ്ച് മീറ്റർ ആഴത്തിലാണിത്. ട്രക്കിന്റെ നീളവും കൂടി കണക്കിലെടുത്താൽ, നിലംതൊട്ട് നിൽക്കുകയാണെങ്കിൽ 10 മീറ്റർ ആഴത്തിലാണ് ട്രക്കുള്ളതെന്നാണ് കരുതുന്നത്. നാനൂറോളം മരക്കഷണങ്ങൾ കെട്ടിവെച്ചതാണ് അർജുന്റെ ട്രക്ക് എന്ന് മനസ്സിലായിട്ടുണ്ട്. ഇവ അതേപോലെ തന്നെയായിരുന്നെങ്കിൽ ട്രക്ക് വെള്ളത്തിനടിയിൽതന്നെ കിടക്കുമായിരുന്നു. എന്നാൽ, ഇന്നലെ നടത്തിയ പരിശോധനയിൽ ഇതിന്റെ കെട്ടഴിഞ്ഞ് മരക്കഷണങ്ങൾ ഒഴുകിയതായി കാണാൻ കഴിഞ്ഞു. ട്രക്കിന്റെ കാബിനകത്ത് അർജുൻ ഉണ്ടായിരുന്നോ എന്നതാണ് രക്ഷാപ്രവർത്തകരെ കുഴക്കുന്ന പ്രതിസന്ധി. അപകടം നടക്കുമ്പോൾ അദ്ദേഹം അതിലുണ്ടായിരുന്നു എന്നതിന് തെളിവുകളില്ല. ഒരുപക്ഷേ, അപകടം നടക്കുന്ന സമയത്ത് അതിൽനിന്ന് പുറത്ത് ചാടിയിരിക്കാം. കാബിനകത്ത് അദ്ദേഹം ഉണ്ടോയെന്നറിയാൻ തെർമൽ ഇമേജിങ് നടത്തിയിരുന്നു. തെർമൽ ഇമേജിങ് നടത്തുമ്പോൾ ശരീരം അതിനകത്തുണ്ടെങ്കിൽ അതിന്റെ താപം അറിയാൻ കഴിയും. എന്നാൽ, ഇതുവരെ അത്തരമൊരു വിവരം രക്ഷാപ്രവർത്തകർക്ക് കിട്ടിയിട്ടില്ല. അഥവാ അർജുൻ കാബിനകത്തുണ്ടെങ്കിൽ എങ്ങനെ പുറത്തേക്കെടുക്കും എന്നതും പ്രധാന പ്രതിസന്ധിയാണ്. ഇക്കാര്യത്തിൽ ഉന്നതതല ആലോചന നടത്തി തീരുമാനമെടുക്കും.