ഗംഗാവാലി പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയെന്ന് സ്ഥിരീകരണം
ഗംഗാവാലി പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയെന്ന് സ്ഥിരീകരണം. പുഴക്കടിയില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചത്. ട്രക്ക് മൂന്നായി തകര്‍ന്ന നിലയിലാണ് നിലവിലുള്ളതെന്നും വിവരങ്ങളുണ്ട്. ട്രക്കിന്റെ കാബിന് കണ്ടെത്താനുള്ള പരിശോധനയാണ് ഇപ്പോള്‍ നടന്നുവരുന്നത്. നേരത്തെ പുഴയില്‍ നിന്നും കണ്ടെത്തിയ തടികള്‍ ലോറിയുടേത് തന്നെയാണെന്ന് ലോറി ഉടമ സ്ഥിരീകരിച്ചിരുന്നു. അതേസമയം, പ്രദേശത്ത് നിന്നും 12 കിലോമീറ്റര്‍ അകലെ ജുഗ എന്ന സ്ഥലത്താണ് ലോറിയിലെ തടികള്‍ കണ്ടെത്താനായത്. പിഎ1 എന്നു രേഖപ്പെടുത്തിയിട്ടുള്ള തടികള്‍ ലോറി ഉടമ മനാഫ് തിരിച്ചറിയുകയായിരുന്നു. ദൗത്യം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനായി വൈകിട്ട് 6 മണിക്ക് ദൗത്യസംഘം മാധ്യമങ്ങളെ കാണുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കെ. സെയില്‍ അറിയിച്ചു.