അഴീക്കൽ തുറമുഖത്ത് ചരക്കുകപ്പൽ സർവീസിന് വീണ്ടും വഴിയൊരുങ്ങുന്നു; ഇന്ന് വളപട്ടണത്ത് യോഗം
അഴീക്കോട് : അഴീക്കൽ തുറമുഖത്ത് ചരക്കുകപ്പൽ സർവീസിന് വീണ്ടും വഴിയൊരുങ്ങുന്നു. നാല് കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നറിയുന്നു. അതിലൊന്നായ മുംെബെയിലെ ഭാരത് ഫ്രൈറ്റ് കമ്പനി പ്രതിനിധികളുമായി തിങ്കളാഴ്ച 11-ന് തുറമുഖ അധികൃതർ ചർച്ച നടത്തും. വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കോൺഫറൻസ് ഹാളിലാണ് യോഗം. കെ.വി.സുമേഷ് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സി.ഇ.ഒ. ഷൈൻ എ.ഹക്ക്, തുറമുഖ ഡെപ്യുട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ടി.ദീപൻകുമാർ, വെസ്റ്റേൺ ഇന്ത്യ കമ്പനി എം.ഡി. മായൻ മുഹമ്മദ്, ചേംബർ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
രണ്ടരവർഷത്തോളമായി അഴീക്കലിൽ ചരക്കുകപ്പൽ സർവീസ് നിലച്ചിട്ട്. അഴീക്കലിൽ വരുമ്പോൾ ചരക്ക് ഉണ്ടെങ്കിലും കപ്പൽ തിരിച്ചുപോകുമ്പോൾ ചരക്ക് കിട്ടാത്തതാണ് മുഖ്യ പ്രശ്നം. കപ്പൽച്ചാലിലെ ആഴക്കുറവ്, കസ്റ്റംസ് ഇ.ഡി.ഐ. എമിഗ്രേഷൻ തടസ്സങ്ങൾ എന്നിവയും കപ്പൽ വരാത്തതിന് കാരണമാണ്. എമിഗ്രേഷൻ തടസ്സം ഏറെക്കുറെ പരിഹരിച്ചിട്ടുണ്ടെന്ന് അറിയുന്നു. ബോയ ഇട്ടതിനാൽ കപ്പലിന് തുറമുഖത്തേക്ക് sഗ്ഗിനൊപ്പം വരാനുള്ള പാത വ്യക്തമാകുന്നുണ്ട്. വിദേശകപ്പലുകളെടക്കം അഴീക്കലിൽ അടുക്കാനുള്ള ഐ.എസ്.പി.എസ്. കോഡ് അഞ്ചുമാസം മുൻപ് അഴീക്കലിന് ലഭിച്ചിട്ടുണ്ട്. കോഡ് കിട്ടിയ ശേഷമുള്ള കപ്പലിന്റെ വരവ് പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്.