ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി : ആലുവ സ്വദേശിയായ നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്തതിന് യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകൻ ബാലചന്ദ്ര മേനോൻറെ പരാതിയിലാണ് കൊച്ചി സൈബർ പൊലീസിൻറെ നടപടി. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്. തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ ഡിജിപിക്ക് ബാലചന്ദ്രമേനോൻ പരാതി നൽകിയിരുന്നു.
നടൻമാർ ഉൾപ്പെടെ 7 പേർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ ഈ നടിയുടെ അഭിഭാഷകൻ തന്നെ ബ്ലാക്ക്മെയിൽ ചെയ്തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോൻ മറ്റൊരു പരാതിയും നൽകിയിരുന്നു. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കും മുൻപു നടിയുടെ അഭിഭാഷകൻ സംഗീത് ലൂയീസ് ഫോണിൽ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോൻ പരാതിയിൽ പറയുന്നു. മൂന്നു ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഭീഷണി. സെപ്റ്റംബർ 14 നാണ് ബാലചന്ദ്രമേനോനെതിരെ പരാതി ഉടൻ പുറത്തുവിടുമെന്ന് നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പിന്നാലെ യുട്യൂബ് ചാനലുകൾക്ക് നടി അഭിമുഖങ്ങൾ നൽകുകയായിരുന്നു.