പ്രമുഖ ബാങ്കിങ് ശൃംഖലയായ ബാങ്ക് ഓഫ് ബറോഡയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ഡൽഹി: രാജ്യത്തെ പ്രമുഖ ബാങ്കിങ് ശൃംഖലയായ ബാങ്ക് ഓഫ് ബറോഡയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 63.6 ലക്ഷം രൂപയാണ് പിഴയിനത്തിൽ ചുമത്തിയിരിക്കുന്നത്. വായ്പ നൽകുന്നവർക്കായുള്ള ‘ഫെയർ പ്രാക്ടീസസ് കോഡ്’ (Fair Practices Code for Lenders), ‘കെവൈസി’ (KYC) മാനദണ്ഡങ്ങൾ എന്നിവ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ഇതോടൊപ്പം കെവൈസി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജിഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന് (GIC Housing Finance Ltd) 3.1 ലക്ഷം രൂപയും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്.2025 മാർച്ച് 31 വരെയുള്ള തീയതികളിലെ ധന വിനിമയം സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. തുടർന്ന് ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ബാങ്ക് നൽകിയ മറുപടി പരിശോധിച്ച ശേഷം ആർബിഐ നിയമ ലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു. ചില വായ്പാ അക്കൗണ്ടുകളിൽ നിന്ന് കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ ബാങ്ക് പലിശ ഈടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ചില ഉപഭോക്താക്കളുടെ കെവൈസി (KYC) രേഖകൾ സെൻട്രൽ കെവൈസി റെക്കോർഡ്സ് രജിസ്ട്രിയിലേക്ക് (CKYCR) അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു