ബിഹാറിൽ രണ്ട് ഘട്ടമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്
ബിഹാറിൽ രണ്ട് ഘട്ടമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കുകയാണ്. നവംബർ 6, നവംബർ 11 തീയതികളിൽ രണ്ട് ഘട്ടമായി ആകെ 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിന് ശേഷം നടക്കുന്ന നിർണായകമായ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ജെഡിയു നേതൃത്വം നൽകുന്ന ബിജെപി കൂടി ഉൾപ്പെട്ട എൻഡിഎയും മുഖ്യ പ്രതിപക്ഷമായ ആർജെഡിയുടെ നേതൃത്വത്തിൽ കോൺഗ്രസും ഇടത് പാർട്ടികളും അണിനിരക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ കൂടുതലും എൻഡിഎയുടെ ഭരണ തുടർച്ചയാണ് പ്രവചിക്കുന്നത്. വളരെ കുറച്ച് സർവേകൾ മാത്രമാണ് പേരിനെങ്കിലും സംസ്ഥാനത്ത് പോരാട്ടം നടക്കുമെന്ന് പറഞ്ഞത്. ഇതോടെ നിതീഷ് കുമാറും ബിജെപി ഉൾപ്പെടുന്ന എൻഡിഎ സഖ്യവും കാര്യമായ പ്രതീക്ഷയിലാണ്. മറുവശത്ത് ആർജെഡിയും കോൺഗ്രസും ഇടത് പാർട്ടികളും എക്സിറ്റ് പോൾ ഫലങ്ങളെ പാടേ തള്ളുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഇത്തവണത്തെ ബിഹാർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നവംബർ 14 വെള്ളിയാഴ്ച രാവിലെ 8:00 മണിക്ക് തന്നെ തുടങ്ങും. എട്ടരയോടെ തന്നെ ആദ്യഫല സൂചനകൾ പുറത്തുവന്നേക്കു മെന്നാണ് വിവരം. വൈകുന്നേരത്തോടെ അന്തിമ ഫലങ്ങൾ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.