പുതുയുഗ വഴിയില്‍ നാടുണരുന്നു; സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം തുടങ്ങി
കണ്ണൂര്‍ :പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ നേത്വത്തില്‍ പുതുയുഗ വഴിയില്‍ നാമുണരുന്നു നാടുണരുന്നു എന്ന സന്ദേശവുമായി ജില്ലയില്‍ സാമൂഹ്യ ഐക്യദാര്ഢപക്ഷാചരണ ത്തിന് തുടക്കം. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാര്ശ്വവത്കരികരിക്കപ്പെട്ടവരുടെ ഉന്നമനങ്ങള്‍ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും. ഗോത്രജനതയുടെ ജീവിതപുരോഗതിയില്‍ കേരളം മാതൃകയാണെന്നും അഡ്വ. ബിനോയ് കുര്യൻ പറഞ്ഞു. ഭക്ഷണം, വസ്ത്രം , പാര്‍പ്പിടങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പുറമെ മെച്ചപ്പെട്ട വിദ്യാഭ്യാസവും നമ്മുടെ ലക്ഷ്യമാണ്. വിദ്യാഭ്യാസത്തിലൂടെയാണ് പുരോഗതിയും പരിവര്‍ത്തനവും സാധ്യമാവുക. പട്ടികവര്‍ഗ്ഗ മേഖലയില്‍ ജില്ലാ പഞ്ചായത്ത് ഗോത്ര വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിദ്യാലയങ്ങളിലെ പ്രഭാത ഭക്ഷണ പരിപാടി, കുട്ടികളുടെ പഠന മുന്നേറ്റത്തിനായി പ്രത്യേക റെസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്കോളര്‍ഷിപ്പ് നേടി ജര്‍മ്മനിയില്‍ ഗവേഷണം നടത്തുന്ന ആദിത്യ മനോജിനെ ചടങ്ങില്‍ ആദരിച്ചു. മുന്‍സിപ്പല്‍ കോര്പ്പേറഷന് ഡെപ്യൂട്ടി മേയര്‍ കെ.പി.താഹിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബോബി എണ്ണച്ചേരിയില്‍, അഡ്വ.ലിഷ ദീപക്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ.പി.രാധാകൃഷ്ണന്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എസ്.എസ്.സുധീര്‍, സംസ്ഥാന പട്ടികജാതി ഉപദേശക സമിതിയംഗം കെ.ജനാര്ദ്ദനന്, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ്ജ് ജോസഫ്, പട്ടകജാതി വികസന വര്‍ക്കിങ്ങ് ചെയര്‍പേഴ്സണ്‍മാരായ വി.വി.പവിത്രന്, കെ.സുമ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമങ്ങള്‍ ചട്ടങ്ങള്‍ എന്ന വിഷയത്തില്‍ ടി.വി.മദനനും സംരംഭകത്വം വികസനം എന്ന വിഷയത്തില്‍ ജിനുജോണും, പട്ടികജാതി വികസന വകുപ്പ് ക്ഷേമ പദ്ധതികള്‍ എന്ന വിഷയത്തില്‍ പി.വി.സതീഷ്കുമാറും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പദ്ധതികളെക്കുറിച്ച് എസ്.ഷാഹിറും ക്ലാസ്സുകളെടുത്തു.. ജില്ലയിലെ പോസ്റ്റ് മെട്രിക് പ്രീമെട്രിക് ഹോസ്റ്റലുകള്‍, നഗറുകള്‍, വിജ്ഞാന്‍വാടികള്‍ എന്നിവടങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍, അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ ലഹരി വിരുദ്ധ ക്ലാസ്സുകള്‍ തുടങ്ങിയ പരിപാടികള്‍ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടക്കും.