പാലത്തിൽ വിവാദം കത്തുന്നു, തുടക്കമിട്ട തനിക്ക് ഒരു ക്ഷണക്കത്ത് പോലും തന്നില്ലെന്ന് സുധാകരൻ
ആലപ്പുഴ: മാക്കേക്കടവ് – നേരെകടവ് പാലം ഉദ്ഘാടനത്തിൽ അവഗണിച്ചതിൽ അതൃപ്തി പരസ്യമാക്കി മുൻ പൊതുമരാമത്ത് മന്ത്രിയും അമ്പലപ്പുഴ എം എൽ എയുമായ ജി സുധാകരൻ രംഗത്ത്. പാലം നിർമ്മാണത്തിന് തുടക്കമിട്ട തനിക്ക് ഉദ്ഘാടന ചടങ്ങിന്റെ ഒരു ക്ഷണക്കത്ത് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് 80 കോടി രൂപ അനുവദിച്ച് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉദ്ഘാടന വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് മുൻ എം എൽ എ എ എം ആരിഫ് ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കാര്യങ്ങൾ വസ്തുതാപരമായി വിശദീകരിക്കാൻ ആരിഫിന് കഴിഞ്ഞില്ല എന്നും സുധാകരൻ വിവരിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ഈ പാലം യാഥാർഥ്യമാക്കിയതിന് പിന്നിലെ കഷ്ടപാടുകൾ എല്ലാം അറിയണമെന്നില്ല. എന്നാൽ ഷാനി മോൾക്ക് അത് നന്നായി അറിയാമായിരുന്നു. എന്നിട്ടും പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു ക്ഷണക്കത്ത് പോലും തനിക്ക് ലഭിച്ചില്ല. അതിൽ ഒരു പരാതിയുമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ ജി സുധാകരൻ, പാലം യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായും കൂട്ടിച്ചേർത്തു.