പി.വി. അൻവർ എം.എല്‍.എ.യ്ക്കെതിരെ ഫോണ്‍ ചോർത്തിയതിന് കേസ്
പി.വി. അൻവർ എം.എല്‍.എ.യ്ക്കെതിരെ ഫോണ്‍ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്കിയ പരാതിയില്‍ കറുകച്ചാല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ, തോമസ് പീലിയാനിക്കല്‍ പോലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടർന്ന്, കറുകച്ചാല്‍ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നല്കി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നാണ് ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.