മികച്ച നേട്ടവുമായി കണ്ണൂര്‍ ജില്ല; രണ്ടു ദിവസം മുമ്പേ സെന്‍സസ് 100% പൂര്‍ത്തിയാക്കി
കണ്ണൂര്‍:നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ സെന്‍സസ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വിവരശേഖരണം 100 ശതമാനം പൂര്‍ത്തിയാക്കി കണ്ണൂര്‍ ജില്ല. ജില്ലയില്‍ ആകെയുള്ള 4823 വീട് പട്ടികാ ബ്ലോക്കുകളിലെയും (എച്ച്എല്‍ബി) മുഴുവന്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരശേഖരണമാണ് എന്യുമറേറ്റര്മാര് ബുധനാഴ്ച ഉച്ച രണ്ടര മണിയോടെ പൂര്‍ത്തീകരിച്ചത്. ജൂലൈ ഒന്നിന് ആരംഭിച്ച ആദ്യഘട്ട സെന്‍സസില്‍ വീടുകളുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങളാണ് എന്യുമറേറ്റര്മാര് നേരിട്ടെത്തി ശേഖരിച്ചത്. ജില്ലയെ 4823 എച്ച്.എല്‍.ബികളാക്കി തിരിച്ചായിരുന്നു വിവര ശേഖരണം. ശരാശരി 700 മുതല്‍ 800 വരെ ജനസംഖ്യ ഉള്‍ക്കൊള്ളുന്നതാണ് ഒരു എച്ച്.എല്‍.ബി. ജില്ലയില്‍ ആകെ 16 ചാര്‍ജ് ഓഫീസര്‍മാരും 647 സൂപ്പര്‍വൈസര്‍മാരും 3991 എന്യുമറേറ്റര്മാരുമാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. നേരത്തേ സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി ജില്ലയില്‍ 62,733 പേര് സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളും എന്യുമറേറ്റര്മാര് നേരിട്ടെത്തി പരിശോധിച്ച് ഇതിനകം സെന്‍സസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തി. സെന്‍സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക.മറ്റ് ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കിടയിലും ജില്ലയിലെ സെന്‍സസ് വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതില്‍ ശ്ലാഘനീയമായ പങ്കുവഹിച്ച ജില്ലാതല സെന്‍സസ് ഓഫീസര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്യുമറേറ്റര്മാര്, സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കലക്ടറേറ്റിലെയും താലൂക്കുകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. വിഷ്ണു രാജ് അഭിനന്ദിച്ചു. സെന്‍സസ് വിവരശേഖരണവുമായി മികച്ച രീതിയില്‍ സഹകരിച്ച ജില്ലയിലെ ജനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നന്ദി അറിയിച്ചു.