ചിങ്ങം പിറന്നു; കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം
ഇന്ന് കൊല്ലവർഷം 1200 ചിങ്ങം 1. പുത്തൻ പ്രതീക്ഷകളുമായൊരു വർഷം കൂടി പിറക്കുകയാണ്. ചിങ്ങം 1 എന്ന് കേൾക്കുമ്പോൾ കർഷക ദിനം എന്നത് തന്നെയാകും ഓരോ മലയാളിയുടെയും മനസ്സിലേക്ക് ആദ്യമെത്തുന്നത്. പിന്നാലെ എത്തുന്നതാകട്ടെ ഓണവും. അതേ, ചിങ്ങമാസം പൊന്നോണ മാസമാണ്. ചിങ്ങത്തിലെ തിരുവോണം നാളാണ് മലയാളികളുടെ സ്വന്തം ഓണമെത്തുന്നത്. മഹാബലിയുടെ ഓർമ്മകളും, വിളവെടുപ്പ് ആഘോഷങ്ങൾക്കുമായി ചിങ്ങം പിറന്നു കഴിഞ്ഞു. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. കേരളത്തിന്റെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യം ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ആശയങ്ങൾ പങ്കുവെക്കാനും നടപ്പിലാക്കാനുമുള്ള അവസരം കൂടിയാണ് ഈ ദിവസം. ചിങ്ങം എന്നത് പലപ്പോഴും ഓണത്തിന്റെ പര്യായം കൂടി ആയി മാറാറുണ്ടെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. ഓണത്തിന്റെ ഗൃഹാതുരതകളും ഓർമകളും തന്നെയാണ് ചിങ്ങമാസം മലയാളികൾക്ക് സമ്മാനിക്കുന്നത്. ഈ വർഷം സെപ്റ്റംബര്‍ 6ന് ആണ് ചിങ്ങ മാസത്തിലെ അത്തം നാള്. സെപ്റ്റംബര്‍ 15 ഞായറാഴ്ച തിരുവോണവും. പൂക്കളും ആർപ്പോവിളികളും നിറഞ്ഞ മാസമാണ് ചിങ്ങമാസം. ചിങ്ങം പുലരുന്നത് മുതൽ മാവേലിത്തമ്പുരാനെ വരവേൽക്കാൻ മലയാളിയും മലയാള മണ്ണും ഒരുങ്ങും. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കനുള്ള സമയമായിക്കഴിഞ്ഞു എന്നാണ് ചിങ്ങപ്പുലരി ഓർമിപ്പിക്കുന്നത്.