വിവരങ്ങൾ വെളിപ്പെടുത്താൻ താല്പര്യമില്ല; ക്രിസ്മസ് ബമ്ബർ ലോട്ടറിയുടെ ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കിന് കൈമാറി
കണ്ണൂർ : ക്രിസ്മസ് ബമ്ബർ ലോട്ടറിയുടെ ഒന്നാംസമ്മാനം ലഭിച്ച ഇരിട്ടിയിലെ സത്യൻ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിന് കൈമാറി. ഫെഡറല്‍ ബാങ്കിന്റെ ഇരിട്ടി ശാഖയിലെത്തിയാണ് ഭാഗ്യശാലി ടിക്കറ്റ് കൈമാറിയത്. എന്നാല്‍, തന്റെ മേല്‍വിലാസമോ കൂടുതല്‍വിവരങ്ങളോ വെളിപ്പെടുത്താൻ താത്പര്യമില്ലെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ബാങ്ക് അധികൃതരോടും നിർദേശിച്ചിട്ടുണ്ട്.
ക്രിസ്മസ് പുതുവത്സര ബമ്ബർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 20 കോടി രൂപയാണ് ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചത്. മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയിലായിരുന്നു ഈ ടിക്കറ്റ് വില്‍പ്പന നടത്തിയത്. ‘മുത്തു’ ലോട്ടറി ഏജൻസിയില്‍നിന്ന് സത്യൻ എന്നയാള്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ 20 കോടി രൂപ ലഭിച്ചതെന്ന് ഏജൻസി ജീവനക്കാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ക്രിസ്മസ് ബമ്ബർ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യൻ വാങ്ങിയതെന്നും അതിലൊന്നാണ് സമ്മാനാർഹമായ ടിക്കറ്റെന്നും ഇവർ പറഞ്ഞിരുന്നു.
ജനുവരി 24-നാണ് സത്യൻ എന്നയാള്‍ മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങിയത്. പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. പേര് ചോദിച്ചപ്പോള്‍ സത്യൻ എന്ന് പറഞ്ഞു. ആ പേരില്‍ ബില്ലും നല്കി. എന്നാല്‍, അദ്ദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും ഏജൻസിയിലുള്ളവർ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കണ്ണൂർ ചക്കരക്കല്‍ ആസ്ഥാനമായുള്ള മുത്തു ലോട്ടറി ഏജൻസിയിലൂടെയാണ് ക്രിസ്മസ് ബമ്ബറിന്റെ ഒന്നാംസമ്മാനം കിട്ടിയ XD 387132 എന്ന നമ്ബറിലുള്ള ടിക്കറ്റ് വിറ്റത്. ഏജൻസിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് ഏജൻസി ഉടമ അനീഷ് നേരത്തെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സത്യൻ എന്നയാളാണ് ഒന്നാംസമ്മാനമടിച്ച ടിക്കറ്റ് വാങ്ങിയതെന്നകാര്യം ഏജൻസി ജീവനക്കാർ സ്ഥിരീകരിച്ചത്.