വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിൽ വിശദീകരണവുമായി സി ഐ വിനോദ്
വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിൽ വിശദീകരണവുമായി സി ഐ വിനോദ്. പീഡന പരാതി ഉന്നയിച്ച സ്ത്രീ പറയുന്നത് കളവാണ്, താൻ നിരപരാധിയാണെന്നും വൈരാഗ്യത്തെ തുടർന്നാണ് പരാതിക്കാരി തനിക്ക് എതിരെ നീങ്ങിയതെന്നും സഹപ്രവർത്തകർക്ക് സി ഐ വിനോദ് അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു. പണം തട്ടാനുള്ള സ്ത്രീയുടെ നീക്കം തടഞ്ഞതാണ് തന്നോട് ഉള്ള വൈരാഗ്യത്തിന് കാരണം. യുവതി സ്ഥിരം പരാതിക്കാരിയാണെന്നും തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ട് പല തവണ അന്വേഷണം നടന്നിരുന്നു. എസ് പി സുജിത്ത് ദാസ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്പി വഴി അന്വേഷണം നടത്തിയെന്നും സി ഐ വിനോദ് വ്യക്തമാക്കി. അതേസമയം, വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുൻ എസ്പി സുജിത് ദാസ് പറഞ്ഞു. സഹോദരനും കുട്ടിക്കും ഒപ്പമാണ് 2022ൽ പരാതിക്കാരി കാണാൻ എത്തിയത്. പൊന്നാനി ഡിവൈഎസ്പിയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് പരാതിക്കാരി തന്റെ അടുത്തെത്തിയത്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും പരാതി അന്വേഷിച്ചു. പിന്നീട് സ്ത്രീയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകുമെന്നും സുജിത് ദാസ് വ്യക്തമാക്കി.