സമരങ്ങൾ നടന്നു എന്നതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ലെന്ന് സുപ്രീം കോടതി
ഡൽഹി:സമരങ്ങൾ നടന്നു എന്നതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ലെന്ന് സുപ്രീം കോടതി. സമാധാനപരവും നിയമപരവുമായ പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ മാർച്ചിനിടെ വിദ്യാർത്ഥി പ്രക്ഷോഭകർക്കെതിരെ അമിതമായ പൊലീസ് ബലപ്രയോഗം ആരോപിച്ച് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നും രാജ്യത്തുടനീളമുള്ള പ്രകടനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഏകീകൃത പൊലീസ് പ്രോട്ടോക്കോൾ ആവശ്യമാണെന്നും ബെഞ്ച് വ്യക്തമാക്കി.
സമാധാനപരവും നിയമപരവുമായ പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടന തികച്ചും ഉറപ്പുനൽകുന്നുണ്ട്. പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെന്ന കാരണത്താൽ മാത്രം അതിക്രമങ്ങൾ കാണിക്കാൻ പാടില്ല. അമിതമായ ബലപ്രയോഗം നടന്നിട്ടുണ്ടെങ്കിൽ അത് സ്വതന്ത്രമായി അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഇത് ഡൽഹിയുടെ മാത്രം പ്രശ്നമല്ലെന്നും രാജ്യവ്യാപകമായി ഏകീകൃത പ്രോട്ടോക്കോൾ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് വാക്കാൽ നിരീക്ഷിച്ചു. പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ ഉടൻതന്നെ ലാത്തിച്ചാർജ് നടത്തണമെന്നില്ലെന്നും . അച്ചടക്കം ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.