കുട്ടികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കും: ജില്ലാ കലക്ടര്‍
കണ്ണൂർ:സ്വകാര്യ ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന പരാതിയില്‍ ഇത്തരം ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. കുട്ടികളുമായുള്ള ജില്ലാ കലക്ടറുടെ പ്രതിവാര സംവാദം കളം പരിപാടിയില്‍ ഉയര്‍ന്ന പരാതിയിലാണ് നടപടി. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെയും തളിപ്പറമ്പ് സീതി സാഹിബ് സ്കൂളിലെയും വിദ്യാര്‍ത്ഥികളുമായിരുന്നു ഇത്തവണ കളം സംവാദത്തിലെ അതിഥികള്‍.
സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് കുട്ടികള്‍ പ്രധാനമായും ആശങ്കകള്‍ പങ്കുവെച്ചത്. ഗതാഗതകുരുക്കുകളും ബസ്സുകള്‍ നിര്‍ത്താതെ പോകുന്ന സംഭവങ്ങളുമെല്ലാം കുട്ടികള്‍ കലക്ടര്‍ മുമ്പാകെ ഉന്നയിച്ചു. മേലെ ചൊവ്വയിലും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതിനോട് ചേര്‍ന്നുള്ള ബസ്സ് സ്റ്റോപ്പ് കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും കുട്ടികള്‍ ചൂണ്ടിക്കാട്ടി. ഇവിടെ നിന്ന് അല്‍പ്പം മാറി താല്‍ക്കാലിക ബസ്സ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. താഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനത്തിന്റെ പ്രാധാന്യം കലക്ടര്‍ കുട്ടികളുമായി പങ്കുവെച്ചു. നമ്മുടെ നഗരങ്ങള്‍ ആസൂത്രണത്തോടെ നിര്‍മിച്ചതല്ലെന്ന പ്രശ്നവുമുണ്ട്. ദേശീയ പാത ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി സ്റ്റുഡന്റ്സ് പാസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിച്ചു.
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. ലിംഗഭേദമന്യേ എല്ലാവര്ക്കും ഭീതിയില്ലാതെയും ആത്മവിശ്വാസത്തോടെയും പുറത്തിറങ്ങാന്‍ കഴിയുന്ന സാഹചര്യം വേണം. അതിക്രമങ്ങളുണ്ടായാല്‍ ഔദ്യോഗിക സുരക്ഷാ സംവിധാനങ്ങള്‍ കൂടെയുണ്ടാവുന്ന വിശ്വാസം സമൂഹത്തില്‍ സൃഷ്ടിക്കാനാവണം. നിയമം കര്‍ക്കശമായി നടപ്പിലാക്കപ്പെടുന്ന സാഹചര്യമുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളായിരിക്കുമ്പോള്‍ തന്നെ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചാലകശക്തിയായി മാറാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയും. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വലുതാവുന്നതു വരെ കാത്തുനില്‍ക്കേണ്ടതില്ല. ചുറ്റുംനടക്കുന്ന കാര്യങ്ങളെ നല്ല രീതിയില്‍ നിരീക്ഷിക്കാന്‍ കഴിയണം. അപ്പോഴാണ് പ്രശ്നങ്ങള്‍ കണ്ടെത്താനും അവയ്ക്ക് പരിഹാരം കാണാനും കഴിയുക. നമ്മുടെ പ്രതീക്ഷകളും യാഥാര്‍ഥ്യങ്ങളും തമ്മില്‍ വിടവുകളുണ്ടാവാം. പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ നിരാശരാവാതെ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. ലക്ഷ്യത്തിലെത്താന്‍ ഒരു വഴി മാത്രമേ ഉള്ളൂ എന്ന ധാരണ ശരിയല്ലെന്നും സാധ്യതകളുടെ വലിയൊരു ലോകം നമുക്ക് ചുറ്റുമുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ആശംസാ കാര്‍ഡുകള്‍ സമ്മാനിച്ച ജില്ലാ കലക്ടര്‍, അവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കാര്‍ഡില്‍ എഴുതിവാങ്ങുകയും ചെയ്തു. കളം പരിപാടിയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സജീവമായ ഇടപെടലുകള്‍ നടത്തുമെന്നും ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. അസിസ്റ്റന്റ് കളക്ടര്‍ എസ്.സ്വാതി കുട്ടികള്‍ക്കായി ക്ലാസ്സെടുത്തു. ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് ടീമാണ് പ്രതിവാര കളം പരിപാടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്