സിപിഐഎം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും
മധുരൈ : സിപിഐഎം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും. മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലുവാണ് റിപ്പോർട്ട് അവതരിപ്പിക്കുക. രാഷ്ട്രീയ പ്രമേയത്തിലും രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലു മുള്ള പൊതു ചർച്ച ഇന്ന് പൂർത്തിയാകും. ചർച്ചയ്ക്ക് പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി പറയും. ചർച്ചയിൽ ഉയർന്ന ഭേദഗതികൾ കൂടി പരിഗണിച്ച് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീരിക്കും. സാധാരണ ജനങ്ങൾക്കിടയിൽ പാർട്ടിയുടെ അടിത്തറ വർദ്ധിപ്പിക്കാൻ കഴിയാത്തതിൽ സ്വയം വിമർശനവുമായി സിപിഐഎമ്മിന്റെ സംഘടനാ റിപ്പോർട്ട്. അടിസ്ഥാന ജനവിഭാഗങ്ങളിൽ സ്വാധീനം ഉണ്ടാക്കാനാകാത്തത് എന്തുകൊണ്ടാണെ ന്ന് ആലോചിക്കണമെന്നാണ് റിപ്പോർട്ടിലെ വിമർശനം. പുതിയ ജനവിഭാഗങ്ങളെ ആകർഷിക്കുന്നതിൽ പാർട്ടി സംഘടനക്കും യുവജനങ്ങളെ ആകർഷിക്കുന്നതിൽ ഡിവൈഎഫ്ഐക്കും വീഴ്ചയുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രൂപീകരണം നടന്ന് 50 കൊല്ലം പിന്നിട്ടിട്ടും രാജ്യത്താകമാനം സ്വാധീനമുള്ള പാർട്ടിയായി മാറാൻ കഴിയാത്തത് സംബന്ധിച്ച സ്വയം വിമർശനപരമായ നിരീക്ഷണങ്ങൾ ആണ് സിപിഐഎമ്മിൻ്റെ സംഘടനാ റിപോർട്ടിനെ ശ്രദ്ധേയമാക്കുന്നത്. പാർട്ടിയുടെ അപചയത്തിൻെറ കാരണങ്ങൾ എണ്ണി പറയുന്ന റിപ്പോർട്ട്, തിരുത്തൽ ഇല്ലാതെ പോയാൽ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന പരോക്ഷ സന്ദേശവും നൽകുന്നുണ്ട്.