ക്രിമിനൽ പശ്ചാത്തലം ആരോപിച്ച് അച്ചടക്ക നടപടി നേരിട്ട ഡിവൈഎസ്പി വി ഹംസയെ തിരിച്ചെടുത്തു.
തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലം ആരോപിച്ച് അച്ചടക്ക നടപടി നേരിട്ട ഡിവൈഎസ്പി വി ഹംസയെ തിരിച്ചെടുത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി നിർബന്ധിത വിരമിക്കൽ നൽകിയ ഡിവൈഎസ്പി വി ഹംസയെയാണ് സർവീസിൽ തിരിച്ചെടുത്തത്. ഒരു ഇൻക്രിമെന്റ് റദ്ദാക്കിയ ശേഷമാണ് തിരിച്ചെടുക്കൽ നടപടി. ഹംസ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരിച്ചെടുക്കല്‍.പോക്സോ കേസ് അട്ടിമറിച്ചെന്നും ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ നടപടി. ക്രിമിനൽ കേസിലും ഹംസ പ്രതിയായിരുന്നു. പോക്സോ കേസ് അന്വേഷണത്തിൽ ബോധപൂർവമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പറയാനാകില്ലെന്നാണ് ഡിജിപിയുടെയും പി.എസ്.സിയുടെയും റിപ്പോർട്ട്. ക്രിമിനൽ കേസിൽ പ്രതിയായിരുന്ന ഹംസയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹംസയെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരെ അപേക്ഷയുടെ അടിസ്ഥാനത്തിൽ വീണ്ടും കുറ്റവിമുക്തരാക്കുന്ന നടപടികൾ തുടരുകയാണ്.