ശ്വാസംമുട്ടി ഡൽഹി; ഡൽഹിയിലെ വായു ഗുണനിലവാരം അപകടകരമായി തുടരുന്നു
ന്യൂഡൽഹി : ഡൽഹിയിലെ വായു ഗുണ നിലവാരം അപകടകരമായി തുടരുന്നു. രാവിലെ 7 മണി വരെ 337 എക്യുഐ ആണ് രേഖപ്പെടുത്തിയത്. നഗരത്തിലെ വായുവിന്റെ ഗുണനിലവാര സൂചിക അതീവ ഗുരുതര വിഭാഗത്തിലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്ക് വ്യക്തമാക്കുന്നു. നിലവിൽ രണ്ടാംഘട്ട മുന്നറിയിപ്പാണ് ഡൽഹിയിൽ നിലവിലുള്ളത്. അതേസമയം, രാജ്യതല സ്ഥാനത്ത് താപനില കുറഞ്ഞുവരിക യാണ്. വരും ദിവസങ്ങളിൽ തണുത്തുറഞ്ഞ കാലാവസ്ഥയിലേക്ക് മാറുമെന്നാണ് മുന്നറിയിപ്പ്. ശീതതരംഗ ത്തിനും സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) വളരെ മോശം വിഭാഗത്തിൽ തന്നെ തുടരുന്നു. നിരവധി നിരീക്ഷണ കേന്ദ്രങ്ങൾ ഇതിനകം ഗുരുതരാവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർകെ പുരം (420), രോഹിണി (417), വിവേക് വിഹാർ (415), ബവാന (408), വസീർപൂർ (406), ആനന്ദ് വിഹാർ (405), അശോക് വിഹാർ (403), സോണിയ വിഹാർ (400) എന്നിവിടങ്ങളാണ് ‘തീവ്ര’ വിഭാഗം വായുഗുണനിലവാരം റിപ്പോർട്ട് ചെയ്ത സ്റ്റേഷനുകൾ.