സംവിധായകന് രഞ്ജിത്തിനെതിരായി ബംഗാളി നടി ഉന്നയിച്ചത് ആരോപണം; പരാതി കിട്ടിയാല്‍ രഞ്ജിത്തിനെതിരെ കേസെടുക്കാമെന്നു മന്ത്രി സജി ചെറിയാന്
കൊച്ചി : സംവിധായകന് രഞ്ജിത്തിനെതിരായി ബംഗാളി നടി ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും ആരോപണത്തില്‍ കേസെടുക്കാനാകി ല്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. പരാതി നല്കിയാല് സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന് സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും ഏതെങ്കിലും ആളെക്കുറിച്ച് പറഞ്ഞ ആക്ഷേപങ്ങളില്‍ ഇന്നുവരെ കേസെടുത്തിട്ടുണ്ടോ എന്നും അങ്ങനെയൊരു കേസ് നിലനില്‍ക്കുമോ എന്നും മന്ത്രി ചോദിച്ചു. പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ തന്നോട് സംവിധായകന് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. നടിയുടെ ആരോപണം രഞ്ജിത്ത് പൂര്‍ണമായി നിഷേധിക്കുന്ന ഘട്ടത്തില്‍ രേഖാമൂലം പരാതി ലഭിച്ച് അതില്‍ അന്വേഷണം നടത്തിയാലേ എന്തെങ്കിലും പറയാനാകൂവെന്ന് മന്ത്രി പറയുന്നു. പരാതി ലഭിച്ചാല്‍ ആരോപണ വിധയനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്‍പ് തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് രഞ്ജിത്തിന്റെ മാറ്റുന്ന കാര്യത്തില്‍ പിന്നീട് കൂടിയാലോചിച്ച് ഒരു രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.