ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പൊലീസ് കേസെടുത്തു
കൊച്ചി : ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പൊലീസ് കേസെടുത്തു. ശ്രീകുമാർ മേനോനും നടൻ ബാബുരാജിനുമെതിരെയാണ് ആരോപണം ഉയർന്നിരുന്നത്. മരട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി) കൈമാറി. മുകേഷ് ഉള്‍പ്പെടെ ഏഴു പേർക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് എസ്.ഐ.ടിക്ക് മുന്നില്‍ പുതിയ കേസെത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോൻ മരടിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ശനിയാഴ്ച രാവിലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എസ്.ഐ.ടിക്ക് കൈമാറിയെന്ന് എറണാകുളം സിറ്റി പൊലീസ് വ്യക്തമാക്കി. ഇതോടെ എട്ട് കേസുകളാണ് കൊച്ചിയില്‍ എസ്.ഐ.ടിയുടെ അന്വേഷണത്തിനു കീഴില്‍ വന്നത്.