കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ഇ ലേണിങ് ആപ്ലിക്കേഷനുമായി വിദ്യാർഥികൾ
തലശ്ശേരി : കോളജ് ഓഫ് എൻജിനീയറിങ് ബി.ടെക് ഐടി വിദ്യാർഥികൾ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനായി ഇ ലേണിങ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. കണ്ണൂർ രാജ്യാന്തര വിമാനത്താവളവും കോളജിലെ വിവരസാങ്കേതിക വകുപ്പും കൈകോർത്തപ്പോൾ പിറന്നത് മികച്ച ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ. ഇ ലേണിംഗ് ആപ്ലിക്കേഷൻ എയർപോർട്ട് ജീവനക്കാർ ഉപയോഗിച്ചു തുടങ്ങി. എൻജിനീയറിങ് വിദ്യാർഥികളെ വ്യാവസായിക അന്തരീക്ഷത്തിലേക്കും, പുതിയ എൻജിനീയറിങ് രീതികളിലേക്കും നയിച്ച് അവരെ ബഹുരാഷ്ട്ര കമ്പനികളിലെ ജോലികൾക്കായി സജ്ജരാക്കുകയാണ് ലക്ഷ്യം.
അങ്ങനെയൊരു മികച്ച വ്യാവസായിക – അക്കാദമിക് കൂട്ടുകെട്ടിൽ ഉരുത്തിരിഞ്ഞ ഉൽപന്നമാണ് കോളജിലെ ബി.ടെക് ഐടി വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഇ ലേണിങ് ആപ്ലിക്കേഷൻ. മുഹമ്മദ് ഫർസീൻ, സിദാൻ മുഹമ്മദ്, മുഹമ്മദ് റിഹാൻ, റഫാൻ ഹാത്തിം എന്നിവർ ചേർന്നാണ് ആപ് വികസിപ്പിച്ചെടുത്തത്. ഐടി വകുപ്പ് മേധാവി പി.കെ. ഷമൽ, അധ്യാപകരായ അഖിൽ ചന്ദ്രൻ മിനിയാടൻ, ജി.പി. നിത്യ എന്നിവരും നിർദേശവും പിന്തുണയുമായി കൂടെ നിന്നു. വിമാനത്താവളത്തിനായി പുതിയൊരു ആപ്ലിക്കേഷൻ കൂടി വികസിപ്പിക്കാനും എൻജിനിയറിങ് കോളജ് ഐടി വകുപ്പുമായി ധാരണയായി.