ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഇഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം
കൊച്ചി : ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഇഡി നോട്ടീസ് നൽകും. ഇന്നലെ ഇഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും നടപടി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇരുവർക്കും ഇ ഡി നിർദേശം നൽകി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹവാല നെറ്റ്വർക്കിന്റെ സാന്നിധ്യം പരിശോധിക്കാനാണ് ഇഡി നീക്കം. ഇന്നലെ നടന്ന റെയ്ഡിൽ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനീക്കം. ഇതിനായി ഇഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ദുൽഖർ സൽമാനിൽ നിന്ന് ഉൾപ്പെടെ ലഭിച്ച മൊഴികളും സംഘം ഇന്ന് പരിശോധിക്കും.
കേസിൽ ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. നിയമോപദേശത്തിനും ശേഷമായിരിക്കും തീരുമാനം എടുക്കുക. ദുൽഖർ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ട് എന്നാണ് വിവരം. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘം വഴി ഹവാല ഇടപാടുകൾ നടന്നുവെന്നാണ് ഇഡി യുടെ സംശയം. ഇന്ത്യൻ ആർമിയുടെയും യുഎസ് എംബസിയുടെയും രേഖകൾ സംഘം വ്യാജമായി നിർമിച്ചുവെന്നും ഈ രേഖകൾ ഉപയോഗിച്ച് വാഹനങ്ങൾ വില്പന നടത്തിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.