കളിമുറ്റങ്ങളിൽ ഇനി ആവേശത്തിന്റെ പന്തുരുളും
മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം. കളിമുറ്റങ്ങളിൽ ഇനി ആവേശത്തിന്റെ പന്തുരുളും. ഫിഫ ലോകകപ്പിന് ഇന്ന് രാത്രി കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇക്കുറി അരങ്ങൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ (അമേരിക്ക, കാനഡ, മെക്സിക്കോ) സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 16 വേദികളിലായി ആകെ 104 മത്സരങ്ങൾ നടക്കും.48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും, മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. ഫുട്ബോൾ ലോകത്തിന്റെ പുതിയ രാജാക്കന്മാരെ നിശ്ചയിക്കുന്ന ഫൈനൽ മത്സരം ജൂലൈ 19-ന് ന്യൂയോർക്കിൽ നടക്കും