ആഹ്ലാദ പ്രകടനത്തിനിടയിൽ ഉപേക്ഷിച്ച പടക്കം പൊട്ടി കുട്ടി മരിച്ച സംഭവം. സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
അഴീക്കോട് :പുന്നക്കപ്പാറയിൽ യുഡിഎഫ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിന്റെ ആഹ്ലാദ പ്രകടനത്തിനിടയിൽ പടക്കം പൊട്ടി മുഹമ്മദ് അമാൻ എന്ന ഒമ്പത് വയസ്സുകാരൻ മരിക്കാനിടയായ സംഭവം അതീവ വേദനാജനകവും ഗൗരവമേറിയതുമാണെന്ന് എസ് ഡി പി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് പ്രസ്താവിച്ചു.
നാട്ടുകാർക്കിടയിൽ ഏറെ പ്രിയങ്കരനുമായിരുന്ന അമാൻ, നാട്ടിലെ പൊതുപ്രവർത്തനങ്ങളിലും പരിപാടികളിലും സജീവമായി ഇടപെടുന്ന കുട്ടിയായിരുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം, കുടുംബത്തിനുണ്ടായ അപരിഹാര്യ നഷ്ടത്തിന് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ഉത്തരവാദിത്തപ്പെട്ട സർക്കാർ പ്രതിനിധികൾ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റവർക്കും ദൃക്സാക്ഷികളായ കുട്ടികൾക്കും ആവശ്യമായ മാനസിക കൗൺസിലിംഗ് സർക്കാർ അടിയന്തരമായി ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അലക്ഷ്യമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പടക്കം കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന ആരോപണം ഗൗരവത്തോടെ പരിശോധിക്കണം. കുട്ടികളുടെ കളിസ്ഥലത്തിന് സമീപത്താണ് പടക്കം പൊട്ടിച്ചതെന്നും, പൊട്ടാതെ ശേഷിച്ച പടക്കങ്ങൾ നിർവീര്യമാക്കുകയോ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ ചെയ്യാതിരുന്നതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ് ഡി പി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, ട്രഷറർ ഇസ്മായിൽ പൂതപ്പാറ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ നിസാർ കാട്ടാമ്പള്ളി, അനസ് സി.സി., അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അമീർഷാ തുടങ്ങിയവർ അമാനിന്റെ വീട് സന്ദർശിച്ചു