നാലു പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽപ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തൃശൂർ കലക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. നാലു പേരുടെയും ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്നും ഡിഎൻഎ ഫലം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലഭ്യമാക്കുമെന്നും അവർ പറഞ്ഞു. 32 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. നിലവിൽ 9 മൃതദേഹങ്ങളിൽ 8 പേരുടെയും മൃതദേഹങ്ങൾ വിട്ടു കൊടുത്തെന്നും കലക്ടർ വ്യക്തമാക്കി.
വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഓൺലൈൻ ആയി ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണനിധി (എസ്ഡിആർഎഫ്) യിൽനിന്ന് നാല് ലക്ഷം രൂപയുമായാണ് അനുവദിക്കുക. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും.
ചൊവ്വാഴ്ച പകൽ 3.20 ഓടെയാണ് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിൽ അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നു. മൂന്ന് മണിക്കൂറിലധികം സ്ഫോടനങ്ങൾ തുടർന്നതിനാൽ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. രാത്രി കലക്ടറുടെയും കമീഷണറുടെയും സാന്നിധ്യത്തിൽ പരിശോധന നടക്കുന്നതിനിടെ വീണ്ടും പൊട്ടിത്തെറിയുണ്ടായതും ആശങ്ക പരത്തി.
സ്ഫോടനം നടന്ന പ്രദേശത്ത് ഇന്ന് ഫോറൻസിക് സംഘം പരിശോധന നടത്തും. കഡാവർ നായകളെ ഉപയോഗിച്ച് സ്ഥലത്ത് മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്