ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്
ന്യൂഡൽഹി : ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ, അമിത ജോലിഭാരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി യാണ് പണിമുടക്ക്. ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ ഉൾപ്പെടെയുള്ള പ്രമുഖ ഓൺലൈൻ ശൃംഖലകളിലെ തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് വിവരം. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ്, എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ദില്ലി ,പശ്ചിമ ബംഗാൾ, തമിഴ്നാടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയനുകൾ ഉൾപ്പെടെ ഒന്നിലധികം പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുക.
ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട തടസ്സം നേരിടേണ്ടി വന്നേക്കാം. ഡെലിവറി സമയം വേഗത്തിലാക്കണമെന്ന ആവശ്യം വർദ്ധിച്ചു വരുന്നുണ്ടെങ്കിലും അതിന് അനുസൃതമായി തൊഴിലാളികൾക്ക് ന്യായമായ വേതനമോ സ്ഥിരമായ തൊഴിൽ സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് യൂണിയൻ നേതാക്കൾ പറയുന്നു. ’10 മിനിറ്റ് ഡെലിവറി’ എന്ന രീതി അവസാനിപ്പിക്കണം എന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇതിനു പുറമേ സുതാര്യമായ വേതനം, അപകട ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയും ആവശ്യപ്പെടുന്നു. നിർബന്ധിത വിശ്രമ ഇടവേളകളും ന്യായമായ ജോലി സമയവും. സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സുരക്ഷാ നടപടികൾ. ജോലിസ്ഥലത്ത് ബഹുമാനവും, ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള മാനുഷികമായ പെരുമാറ്റവും തൊഴിലാളികൾ ആഗ്രഹിക്കുന്നു.