ഒക്ടോബർ 2 ഗാന്ധി ജയന്തി; ഗാന്ധി സ്മരണയില്‍ രാജ്യം, ഇന്ന് മഹാത്മാവിന്റെ 155ാം ജന്മദിനം
ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 155ാം ജന്മദിനാഘോഷിക്കുകയാണ് രാജ്യം. 1869 ഒക്ടോബര്‍ 2 നാണ് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ഗുജറാത്തിലെ പോര്‍ബന്തറില്‍ എംകെ ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകരാജ്യങ്ങൾക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി. ഒക്ടോബർ 2 ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിച്ച് വരികയാണ്. 2007 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് അഹിംസാദിനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പര്യായമായി മാറിയ ഗാന്ധിജി അഹിംസാ മന്ത്രം ഉയർത്തിപ്പിടിച്ചാണ് കൊളോണിയൽ ഭരണത്തിൽ നിന്നും ഭാരതത്തിന് മോചനം നേടി തന്നത്. ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടിൽ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തും. രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും സര്‍ക്കാരുകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങള്‍ നടക്കും. വിവിധ കേന്ദ്രങ്ങളിലെ ഗാന്ധി പ്രതിമകളിൽ പുഷ്പാർച്ചന നടത്തും.