സ്വർണവില വീണ്ടും വൻ മുന്നേറ്റത്തിൽ; പവന് 1,520 രൂപ മുന്നേറി ഒരു പവന് 1,18,320 രൂപയായി
സ്വർണവില വീണ്ടും വൻ മുന്നേറ്റത്തിൽ. കേരളത്തിൽ ഇന്നുരാവിലെ ഗ്രാമിന് 190 രൂപ വർധിച്ച് വില 14,790 രൂപയായി. പവന് 1,520 രൂപ മുന്നേറി 1,18,320 രൂപ. പകരംതീരുവക്കേസിൽ ട്രംപ് സുപ്രീം കോടതിയിൽ തോറ്റതിന് പിന്നാലെയാണ് സ്വർണക്കുതിപ്പ്. കേസിൽ തോൽക്കുക യും തീരുവകൾ അസാധുവാകുകയും ചെയ്തതിന് പിന്നാലെ ട്രംപ് 15% ആഗോള തീരുവ എല്ലാ രാജ്യങ്ങൾക്കു മേലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ കൂടുതൽ തീരുവകൾ കൂടി വരുമെന്ന് ട്രംപ് പറഞ്ഞതോടെ ആഗോള സമ്പദ്രംഗത്ത് ആശങ്കയും അനിശ്ചിതത്വവും അലയടിക്കുകയാണ്.
ഇതോടെ സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപ’ പെരുമ കിട്ടിയതാ ണ് വില കുതിക്കാൻ വഴിയൊരുക്കിയത്; വെള്ളിക്കും ഇതേ കരുത്ത് കിട്ടി. ഗോൾഡ്, സിൽവർ ഇടിഎഫുകളിലേക്ക് വീണ്ടും നിക്ഷേപമൊഴുക്ക് ശക്തം. യുഎസ് ഓഹരികളും ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളും തളർന്നതും സ്വർണത്തിന് ഊർജമായി. ഇതിനിടെ, ഇറാൻ-യുഎസ് സംഘർഷ സാധ്യത നിലനിൽക്കുന്നതും റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ കലുഷിതമാകുന്നതും സ്വർണത്തിനാണ് ഗുണം ചെയ്യുന്നത്. കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 160 രൂപ ഉയർന്ന് 12,215 രൂപയായി. വെള്ളിക്ക് ഗ്രാമിന് ഒറ്റയടിക്ക് 25 രൂപ കൂടി വില 300 രൂപയിലുമെത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 155 രൂപ ഉയർന്ന് 12,150 രൂപയാണ്. വെള്ളിക്ക് ഇവരും നിശ്ചയിച്ചത് ഗ്രാമിന് 300 രൂപ.