സംസ്ഥാനത്ത് സ്വർണവിലയിലെ സർവകാല റെക്കോഡ്; 1,200 രൂപ വർധിച്ച് ശനിയാഴ്ച പവന് 79,560 രൂപയായി
സംസ്ഥാനത്ത് സ്വർണവിലയിലെ സർവകാല റെക്കോഡ് പുതിയ ഉയരത്തിലെത്തി. രണ്ട് ദിവസത്തിനിടെ 1,200 രൂപ വർധിച്ച് ശനിയാഴ്ച പവന് 79,560 രൂപയായി. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 9945 രൂപയിലാണ് ഇന്ന് വിൽപ്പന നടക്കുന്നത്. പവന് വെള്ളിയാഴ്ച 560ഉം ശനിയാഴ്ച 640 രൂപയുമാണ് കൂടിയത്. ഗ്രാമിന് 10,000 രൂപയിലേക്ക് (പവന് 80,000) എത്താൻ ഇനി 55 രൂപ മാത്രം മതി. 18 കാരറ്റ് സ്വർണം ഗ്രാമിന് 8165, 14 കാരറ്റ് 6355, 9 കാരറ്റ് 4100 രൂപ എന്നിങ്ങനെയാണ് ശനിയാഴ്ചത്തെ വില. വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 133 രൂപക്കാണ് വിൽപ്പന നടക്കുന്നത്.
അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയരുന്ന റെക്കോർഡ് വില ആയ ഔൺസിന് 3600 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.20 മാണ്. 24കാരറ്റ് സ്വർണക്കട്ടി ഒരു കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 5 ലക്ഷം രൂപ ആയിട്ടുണ്ട്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ലോകത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും സ്വർണത്തിന് പോസിറ്റീവായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദീപാവലി യോടെ ഗ്രാമിന് വില പതിനായിരത്തിൽ എത്തുമെന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ദീപാവലിയോടെ പന്ത്രണ്ടായിരം രൂപയിലേക്ക് എത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര സ്വർണ്ണവില ഔൺസിന് 3800 ഡോളറിലേക്ക് എത്തുമെന്നും വിലയിരുത്തുന്നു.