റെക്കോര്‍ഡുകള്‍ തുടരെ മറികടന്ന് കേരളത്തിലെ സ്വര്‍ണ വില; പവന് 640 രൂപ വര്‍ധിച്ച് 64,480 രൂപയായി
റെക്കോര്‍ഡുകള്‍ തുടരെ മറികടന്ന് കേരളത്തിലെ സ്വര്‍ണ വില. ചൊവ്വാഴ്ച പവന് 640 രൂപ വര്‍ധിച്ച് 64,480 രൂപയിലാണ് വ്യാപാരം. ഗ്രാമിന് ചരിത്രത്തിലാദ്യമായി 8,000 രൂപ ഭേദിച്ചു. 80 രൂപ കൂടി 8,060 രൂപയാണ് ഒരു ഗ്രാമിന്റെ വില. 18 കാരറ്റ് സ്വര്‍ണം പവന് 528 രൂപയാണ് വര്‍ധിച്ചത്. 52,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 66 രൂപ വര്‍ധിച്ച് 6,595 രൂപയിലുമെത്തി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വിപണി വില. എന്നാൽ ഈ വിലയ്ക്കും ആഭരണങ്ങൾ കിട്ടില്ല. ഇതിനൊപ്പം പണിക്കൂലിയും മറ്റ് ടാക്സുകളും ഉൾപ്പടെ സ്വർണം വാങ്ങാൻ എത്തുന്ന ആളുകൾക്ക് ഭീമമായ തുകകൾ നൽകേണ്ടിവരും.
ഇന്ന് ഒരു പവൻ സ്വർണം ആഭരണം വാങ്ങുന്നവർക്ക് 70000 രൂപയിൽ കൂടുതൽ ചെലവ് വരും. കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോഴാണിത്. ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് പണി കൂലി ഇതിലും കൂടും. മാത്രമല്ല, കുറഞ്ഞ അളവിലുള്ള ആഭരണങ്ങൾക്കും പണിക്കൂലി കൂടുതലാണ്. ഇനിയും വില കൂടുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ആഗോള തലത്തിൽ സ്വർണത്തിന് ആവശ്യക്കാർ ഏറി വരികയാണെന്ന് ഇതിന് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. വില പരിധി വിടുമ്പോൾ വിറ്റഴിക്കൽ നടന്നാൽ മാത്രമാണ് ഇനി വില കുറയാൻ സാധ്യതയുള്ളതെന്നും ഇവര്‍ കൂട്ടിച്ചേർക്കുന്നു. അല്ലെങ്കിൽ ഡോളർ വൻതോതിൽ കരുത്താർജ്ജിക്കണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിറ്റഴിക്കലിനോ ഡോളറിന്റെ കരുത്താർജ്ജിക്കലിനോ സാധ്യതയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ സ്വർണ വില വർധനയല്ലാതെ വിലയിടിവുണ്ടാവില്ലെന്നാണ് സൂചന.