സ്വര്‍ണത്തില്‍ വീണ്ടും കുതിപ്പ്; പവന് 160 രൂപ വർധിച്ച് 81,040 ലെത്തി
വേഗ കുതിപ്പ് തുടർന്ന് സ്വർണവില. പവന് 160 രൂപ വർധിച്ച് 81,040 ലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 10,130 ലും എത്തി. രാജ്യാന്തര സ്വർണവില, സ്വർണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക്, രൂപ-ഡോളർ വിനിമയനിരക്ക് എന്നിവ അടിസ്ഥാന മാക്കിയാണ് കേരളത്തിൽ സ്വർണവില നിർണയം. ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയുമാണ് ഈ വിലക്കുതിപ്പ് നിരാശരാക്കുന്നത്. 2022 സെപ്തംബർ എട്ടിന് സ്വർണവില 37,320 രൂപയായിരുന്നു. ഇതാണ് 36 മാസം കൊണ്ട് ഇരട്ടിയിലധികമെത്തി 81,040 ൽ എത്തിയത്.
കഴിഞ്ഞ ജനുവരിക്ക് ശേഷമുണ്ടായ വര്‍ധന 21,040 രൂപയാണ്. ജനുവരി 22ന് 60,000 രൂപയായിരുന്നു പവന്. 2022 ഡിസംബറില്‍ 40,000 രൂപ പിന്നിട്ട ഒരു പവന് സ്വര്‍ണത്തിന് മൂന്ന് വര്‍ഷത്തിനുള്ളി ല്‍ ഇരട്ടിയിലേറെ വില വര്‍ധിച്ചു. അതേസമയം, സ്വര്‍ണ വിലയില്‍ രാജ്യാന്തര വിപണിയില്‍ കഴിഞ്ഞദിവസം കാര്യമായ വര്‍ധന പ്രകടമല്ല. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,624.39 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സി ല്‍ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,08,775 രൂപയായാണ് കുറഞ്ഞത്. യുഎസ് തീരുവകളെക്കുറിച്ചുള്ള ആശങ്കകളും സമ്പദ്വ്യവസ്ഥയില് അവയുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളുമാണ് സ്വര്‍ണവിലയിലെ സമീപകാല അനിശ്ചിതത്വത്തിന് പിന്നില്‍. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് ഈ മാസം നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലു കള്‍ സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കി യിട്ടുണ്ട്.