സർവകാല റെക്കോർഡിലെത്തി; ഗ്രാമിന് 35 രൂപ ഉയർന്ന് വില 8,070 രൂപയായി, 280 രൂപ മുന്നേറി 64,560 രൂപയാണ് പവൻവില
കേരളത്തിൽ സ്വർണവില ആഭരണപ്രേമികളെയും വിവാഹാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശപ്പെടുത്തി ഇന്നു സർവകാല റെക്കോർഡിലെത്തി. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8,070 രൂപയായി. 280 രൂപ മുന്നേറി 64,560 രൂപയാണ് പവൻവില. ഈമാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമെന്ന റെക്കോർഡ് തകർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കൂടി.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന് പുത്തനുയരമായ 6,640 രൂപയിലെത്തി. ഏറെക്കാലമായി മാറ്റമില്ലാതിരുന്ന വെള്ളിവിലയും ഗ്രാമിന് ഒരു രൂപ വർധിച്ച് 108 രൂപയായി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ‘പകരത്തിനു പകരം തീരുവ (Reciprocal Tariff) ഏർപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പുതുതായി മരുന്നുകൾ, വാഹനം, സെമികണ്ടക്ടറുകൾ എന്നിവയ്ക്കും 25% തീരുവ ഏർപ്പെടുത്തി വ്യാപാരയുദ്ധത്തിന് തീവ്രത കൂട്ടിയത് പുതിയ ഉയരത്തിലക്ക് കുതിക്കാൻ സ്വർണത്തിന് ആവേശമായി. ട്രംപിന്റെ ഈ തീരുമാനങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതും വ്യാപാരബന്ധം ഉലയുന്നതും ഇതുമൂലം ഓഹരി വിപണികൾ നേരിടുന്ന വിൽപനസമ്മർദവുമാണ് സ്വർണവിലയെ മുന്നോട്ടു നയിക്കുന്നത്.