സ്വർണവിലയിൽ വൻ ഇടിവ്; പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്, ഇതോടെ 67,200 രൂപയായി
സ്വർണവിലയിൽ വൻ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ 67,200 രൂപയായി വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 160 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 8400 രൂപയായാണ് വില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില റെക്കോഡിലെത്തിയിരുന്നു. കുതിപ്പിന്ശേഷം ഇപ്പോൾ സ്വർണവില കുറയുകയാണ്. അന്താരാഷ്ട്ര വിപണിയിൽ രണ്ട് ശതമാനം ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. സ്പോട്ട് ഗോൾഡിന്റെ വില 0.85 ശതമാനം ഇടിവോടെ 3,106.99 ഡോളറായി. ഈ സീസണിൽ അന്താരാഷ്ട്രവിപണിയിൽ 3,167.57 ഡോളർ എന്ന റെക്കോഡിലേക്ക് സ്വർണവില ഉയർന്നിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വില 1.4 ശതമാനം ഇടിഞ്ഞ് 3,121.70 ഡോളറായി. അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സ് 527.54 പോയിന്റ് ഇടിഞ്ഞ് 75,767.82 പോയിന്റിലാണ് വ്യാപാരം. നിഫ്റ്റിയിൽ 187.15 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. 23,062 പോയിന്റിലാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങൾക്ക് പകരം തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെ യു.എസ് ഓഹരി വിപണിയിൽ കനത്ത ഇടിവുണ്ടായിരുന്നു. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് യു.എസ് വിപണിയിൽ ഇത്രയും വലിയ തിരിച്ചടിയുണ്ടാവുന്നത്. 2020ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് യു.എസ് ഓഹരി വിപണി അഭിമുഖീകരിക്കുന്നത്. ട്രംപിന്റെ തീരുവ വ്യാപാര യുദ്ധത്തിലേക്കും ആഗോള സാമ്പത്തികമാന്ദ്യത്തിലേക്കും നയിക്കുമെന്ന ആശങ്കയാണ് വിപണികളെ ഉലച്ചത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജിൽ 1,679.39 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. 3.98 ശതമാനം നഷ്ടമാണ് ഡൗ ജോൺസിൽ ഉണ്ടായത്. എസ്&പി 500 274 പോയിന്റ് ഇടിഞ്ഞു. 4.84 ശതമാനം നഷ്ടമാണ് ഉണ്ടായത്. നാസ്ഡാകിൽ 1050.44 പോയിന്റ് നഷ്ടമാണ് ഉണ്ടായത്. 5.97 ശതമാനമാണ് നാസ്ഡാക്കിലെ നഷ്ടം. 16,550.61ലാണ് നാസ്ഡാക്കിലെ വ്യാപാരം.