സ്വര്‍ണ വിലയില്‍ വീണ്ടും താഴേക്കിറക്കം; ഇന്ന് പവന് കുറഞ്ഞത് 600 രൂപയാണ്, ഇതോടെ പവന് 91,720 രൂപയിലെത്തി
സ്വര്‍ണ വിലയില്‍ വീണ്ടും താഴേക്കിറക്കം. വ്യാഴാഴ്ച പവന് കുറഞ്ഞത് 600 രൂപയാണ്. ഇതോടെ പവന് 91,720 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞ 11,465 രൂപയിലെത്തി. ഒക്ടോബര്‍ 11 ശേഷം ആദ്യമായാണ് സ്വര്‍ണ വില ഇത്രയും താഴുന്നത്. ഇതോടെ രണ്ടു ദിവസത്തിനിടെ 5640 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു.
അതേസമയം, ഏറ്റവും ചെറിയ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങാനുള്ള ചെലവ് 1 ലക്ഷം രൂപയ്ക്ക് താഴെയായി. 99,249 രൂപയോളം ചെലവാക്കിയാല്‍ അഞ്ചു ശതമാനം പണിക്കൂലിയില്‍ ഒരു പവന്റെ ആഭരണം വാങ്ങാം. 10 ശതമാനം പണിക്കൂലിയില്‍ 1,04,030 രൂപയോളം നല്കിയാല് ഒരു പവന്റെ ആഭരണം വാങ്ങാം. സ്വര്‍ണ വില, പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്നു ശതമാനം ജിഎസ്ടി എന്നിവ ചേര്‍ന്ന നിരക്കാണിത്. രാജ്യാന്തര വില തുടര്‍ച്ചയായ പിന്നോട്ടടിച്ചതാണ് കേരളത്തില്‍ ആശ്വാസ വിലയിലെത്താന്‍ കാരണം. നിലവില്‍ 4,086 ഡോളറിലാണ് സ്വര്‍ണ വില. തിങ്കളാഴ്ച 4381 ഡോളറിലെത്തിയ ശേഷമാണ് സ്വര്‍ണ വില ഇടിഞ്ഞത്. വെള്ളിയാഴ്ച പുറത്തുവരുന്ന യു.എസിലെ പണപ്പെരുപ്പ കണക്കിന് മുന്നോടിയായി ഡോളറിലുണ്ടായ വര്‍ധനവ് സ്വര്‍ണവിലയുടെ വര്‍ധനവിനെ തടയുന്നുണ്ട്. ഡോളര്‍ സൂചിക 0.10 ശതമാനം ഉയര്‍ന്നു. പണപ്പെരുപ്പ ഡാറ്റയിലെ സൂചനകള്‍ ഫെഡറല്‍ റിസര്‍വ് എത്രകണ്ട് പലിശ നിരക്ക് കുറയ്ക്കും എന്നതില്‍ വ്യക്തത നല്‍കും.