സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു; പവന് 200 രൂപ ഇന്ന് വർധിച്ചു 63,440 രൂപയായി
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. പവന് 63,440 രൂപയെന്ന സർവകാല റെക്കോഡിലാണ് ഇന്ന് വിൽപ്പന നടക്കുന്നത്. ബുധനാഴ്ച 760 രൂപ വർധിച്ച് പവന്റെ വില ചരിത്രത്തിൽ ആദ്യമായി 63,000 രൂപ കടന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് പവന് 1800 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550 രൂപയും. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയിൽ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. പണിക്കൂലിയും ജി.എസ്.ടിയുമടക്കം 70,000 രൂപയോളം നൽകിയാലേ പവൻ സ്വർണാഭരണം വാങ്ങാനാകൂ. ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവൻവില ആദ്യമായി 60,000 കടന്നത്. തുടർന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവൻ വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി.