ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് കല്യാണ മേളം; 356 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത്
ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് കല്യാണ മേളം. 356 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത്. രാവിലെ നാല് മണിക്ക് വിവാഹങ്ങൾ തുടങ്ങി. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. ചിങ്ങമാസത്തി ലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതിനാലാണ് ഇന്ന് ഇത്രയധികം വിവാഹങ്ങൾ തീരുമാനിച്ചത്. മുൻമന്ത്രി വി.എസ്.സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് വരെ 80 ഓളം വിവാഹങ്ങൾ നടന്നു. ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. വിവാഹത്തിന് 6 മണ്ഡപങ്ങൾ. നിലവിലുള്ള 4 മണ്ഡപങ്ങൾക്കു പുറമേ രണ്ട് കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിക്കും. താൽക്കാലിക മണ്ഡപങ്ങൾ ക്ഷേത്രത്തിനോടു ചേർന്ന് തെക്കു വടക്കായി മുന്നിൽ തന്നെയാകും. 6 മണ്ഡപങ്ങളും ഒരേ പോലെ അലങ്കരിക്കും. എല്ലാ മണ്ഡപങ്ങളിലും ചടങ്ങു നടത്താൻ ആചാര്യനായി കോയ്മ ഉണ്ടാകും. മംഗളവാദ്യത്തിനായി 2 സെറ്റ് നാഗസ്വര സംഘം ഉണ്ടാകും.