തോരാതെ മഴ പെയ്തതോടെ കണ്ണൂരിൽ പലയിടത്തും പ്രളയസമാന അവസ്ഥ; കാനായിയിൽ കാർ ഒഴുകിപ്പോയി
കണ്ണൂർ : തോരാതെ മഴ പെയ്തതോടെ കണ്ണൂരിൽ പലയിടത്തും പ്രളയസമാന അവസ്ഥ. വെള്ളം പൊങ്ങിയതിനാൽ ജനജീവിതം താറുമാറായി. ജില്ലയിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിലായി നിരവധി കുടുംബങ്ങളെ സുരക്ഷിതസ്ഥലങ്ങളി ലേക്ക് മാറ്റി. പലയിടങ്ങളിലും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. റോഡുകളിൽ വെള്ളം കയറിയതിനാൽ ചെറിയ വാഹനങ്ങൾ ഓടിക്കാനാവാത്ത സ്ഥിതിവന്നു.
താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്തിന് സമീപം വെള്ളം കയറിയതുകാരണം 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെമുതൽ വെള്ളം പൊങ്ങി വീടുകളിൽ കയറി. കക്കാട് പുഴ കരകവിഞ്ഞ് പരിസരപ്രദേശമാകെ വെള്ളത്തിലായി. കക്കാട് ചെക്കിച്ചിറ ഭാഗത്ത് വെള്ളപ്പൊക്ക ഭീഷണിയിലായ രണ്ട് കുടുംബങ്ങളെ റവന്യൂ അധികൃതരുടെ സാന്നിധ്യത്തിൽ അഗ്നിരക്ഷാസേന സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരും ബന്ധുവീടുക്കളിലേക്ക് മാറി.
ചുവപ്പ് മുന്നറിയിപ്പ് മാറി ശനിയാഴ്ചമുതൽ നാലുദിവസം ജില്ലയിൽ മഞ്ഞ മുന്നറിയിപ്പാണ് എന്നതിനാൽ മഴയ്ക്ക് അൽപം ശമനം കിട്ടും എന്ന പ്രതീക്ഷയിലാണ്. അഗ്നിരക്ഷാസേനയുടെ റസ്ക്യൂ ബോട്ടായ ഡിങ്കികളിൽ കയറ്റിയാണ് താവക്കരയിലും കക്കാട്ടും ഉള്ള വീടുകളിൽനിന്ന് ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പടന്നപ്പാലം-പയ്യാമ്പലം റോഡ് പൂർണമായും മുങ്ങി. മഞ്ചപ്പാലം, ചാലാട്, പള്ളിയാംമൂല, തെക്കൻ മണൽ, പയ്യാന്പലം എന്നിവിടങ്ങളിലൊക്കെ റോഡിൽ വെള്ളം കയറി.
തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാത 66-ന് വേണ്ടി കുന്നിടിച്ച് മണ്ണെടുത്ത സ്ഥലത്താണ് ആറാം തവണയും മണ്ണിടിഞ്ഞത്. ദേശീയപാത 66-ൽ നിർമാണം നടക്കുന്ന പട്ടുവം റോഡിൽ പുളിപ്പറമ്പിൽ മണ്ണിടിഞ്ഞു. പുതുക്കിപ്പണിത പഴശ്ശി കനാൽ റോഡ് പൂർണമായും തകർന്നു. ചെറുപുഴ തിരുമേനിയിൽ കൊറാഴിമലയിൽ തേക്കിൻ തോട്ടത്തിൽ മണ്ണിടിഞ്ഞ് തേക്കുമരങ്ങൾ കടപുഴകി. പാസ്പോർട്ട് ഓഫീസിനടുത്ത് പടന്നത്തോടിന് സമീപമുള്ള 40 ഓളം വീടുകളിൽ വെള്ളം കയറി. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തായത്തെരു ഭാഗത്ത് പത്ത് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. മുഴപ്പിലങ്ങാട് മലയ്ക്ക് താഴെ പ്രദേശത്ത് പത്തിലധികം വീടുകളിൽ വെള്ളം കയറി. മൂന്നുവീട്ടുകാരെ മാറ്റിതാമസിപ്പിച്ചു.
കടമ്പൂർ വില്ലേജിൽ കേസ് റോഡിനു സമീപം ആറ് വീടുകളിൽ വെള്ളം കയറി. അടിയന്തര സാഹചര്യം അല്ലാത്തതിനാൽ കുടുംബങ്ങൾ വീടുകളിൽ തന്നെ തുടരുകയാണ്. ചെറുകുന്ന് വില്ലേജിൽ മൂന്നാം വാർഡിൽ ബാലകൃഷ്ണന്റെ വീടിന്റെ ചുമർ ഇടിഞ്ഞ് നാശം സംഭവിച്ചതിനാൽ ബന്ധുവീട്ടിലേക്ക് താമസംമാറി. ശക്തമായ മഴയെ തുടർന്ന് കല്യാശ്ശേരി, പാപ്പിനിശ്ശേരി പ്രദേശങ്ങളിലെ നൂറുകണക്കിന് വീട്ടുകാർ വെള്ളക്കെട്ട് ഭീഷണയിൽ. കല്യാശ്ശേരി കോലത്തുവയൽ, കല്യാശ്ശേരി സെൻട്രൽ, വെള്ളാഞ്ചിറ, ഇരിണാവ് പാപ്പിനിശ്ശേരിയിലെ പഴഞ്ചിറ, പാപ്പനിശ്ശേരി വെസ്റ്റ്, റെയിൽവേ ഗേറ്റ് പരിസരം എന്നിവിടങ്ങളിലെ നിരവധി വീട്ടുകാരാണ് പുറത്തിറങ്ങാൻ പോലും പറ്റാതെ വെള്ളക്കെട്ട് ഭീഷണിയിലായത്. ഇതോടൊപ്പം പല റോഡുകളും വെള്ളക്കെട്ടിലാണ്.