
ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്; കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്
കണ്ണൂർ : ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. അഞ്ചരക്കണ്ടിയിൽ മതിൽ റോഡിലേക്ക് ഇടിഞ്ഞ് വീണു. മദ്രസ വിട്ട് കുട്ടികൾ പോകുമ്പോഴായിരുന്നു മതിൽ ഇടിഞ്ഞു വീണത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. മട്ടന്നൂരിൽ കൊട്ടാരം പെരിയത്ത് കാർ വെള്ളത്തിൽ മുങ്ങി. വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോയ കാറാണ് മുങ്ങിയത്. കർണാടക രജിസ്ട്രേഷൻ കാറാണ് മുങ്ങിയത്. കാറിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു. മട്ടന്നൂർ മണ്ണൂർ ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ റോഡ് വീണ്ടും ഇടിഞ്ഞു. പുഴയോട് ചേർന്നുളള റോഡിൻ്റെ നിർമാണം നടക്കുന്ന ഭാഗത്താണ് റോഡ് ഇടിഞ്ഞത്. ഇതെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.