കനത്ത മഴയെത്തുടർന്ന് പശ്ചിമറെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം താറുമാറായി
ദില്ലി: കനത്ത മഴയെത്തുടർന്ന് പശ്ചിമറെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ റെയിൽവേ അധികൃതർ വഴിതിരിച്ചുവിടുകയാണ്. മഹാരാഷ്ട്രയിലെ മുംബൈയിലുള്ള പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയിൽവേ ട്രാക്കുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതാണ് ഈ അടിയന്തിര നടപടിക്ക് കാരണമായത്.ഗതാഗത തടസ്സത്തെ തുടർന്ന് ഇൻഡോർ -കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു. ഇതിനുപിന്നാലെ ഹസ്രത് നിസാമുദ്ദീൻ -തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടിരിക്കുകയാണ്. നിലവിൽ രാജധാനി എക്സ്പ്രസ് നിശ്ചിത സമയത്തേക്കാൾ 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. കൂടാതെ, വരും മണിക്കൂറുകളിൽ ഗംഗാനഗർ – കൊച്ചുവേളി എക്സ്പ്രസും സൂറത്തിൽ നിന്നും ഇതേപോലെ വഴിതിരിച്ച നടുമെന്ന് റെയസംവേ അധികൃതർവ്യക്തമാക്കിയിട്ടുണ്ട്.ട്രാക്കുകളിലെ വെള്ളക്കെട്ടും ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റവും കാരണം വാപ്പി, ബോയ്സർ, വസായി റോഡ് എന്നീ സ്റ്റേഷനുകളിലെ യാത്രക്കാർ നിലവിൽ വലിയ ദുരിതത്തിലാണ്. രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് പോകേണ്ട ഒട്ടനവധി മലയാളി യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഈ മേഖലയിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്