ശനിയാഴ്ച പ്രവൃത്തിദിനം; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി : അധ്യയനവർഷം 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാൻ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നയപരമായ തീരുമാനമായതിനാൽ ഇത്തരമൊരു ഉത്തരവിറക്കാൻ ഡയറക്ടർക്ക് അധികാരമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. പ്രവൃത്തിദിനങ്ങൾ കൂട്ടുന്നതിൽ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുമായി ചർച്ചനടത്തി തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. അധ്യാപകസംഘടനകളായ കെ.പി.എസ്.ടി.എ., കെ.എസ്.ടി.യു., പാലക്കാട് സ്വദേശികളായ വിദ്യാർഥികളായ വി.എസ്. ശ്രേയ, എ. ധ്യാൻ മോഹൻ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് ഉത്തരവ്.