ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ സുഹൃത്തായ ഇൻസ്റ്റഗ്രാം താരം പിടിയിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. മകൾ മരിച്ചത് സൈബർ ആക്രമണം കാരണമാണെന്ന് കരുതുന്നില്ലെന്ന് കുടുംബം പറഞ്ഞു. വീഡിയോകളും റീലുമൊക്കെയായി ഇൻസ്റ്റ് ഗ്രാമിൽ താരമായി മാറിയിരുന്ന തൃക്കണ്ണാപുരം സ്വദേശിയായ പതിനെട്ടുകാരിയാണ് ജീവനൊടുക്കിയത്. പെൺകുട്ടിക്കൊപ്പം വീഡിയോകൾ ചെയ്തിരുന്ന നെടുമങ്ങാട് സ്വദേശിയായ ഇൻസ്റ്റഗ്രാം താരം ബിനോയിയെ സംശയമുള്ളതായി മാതാപിതാക്കൾ മൊഴി നൽകി.
ബിനോയിയെ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വിവരം പോലീസിന് ലഭിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്ന സമയത്താണ് ഇതെന്ന് ബിനോയി അവകാശപ്പെട്ടെങ്കിലും ആ സമയം പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് വ്യക്തമായി. ഇതോടെ പോക്സോ കുറ്റം ചുമത്തി പുതിയ കേസെടുത്താണ് അറസ്റ് ചെയ്തത്. എന്നാൽ ബിനോയിക്ക് ആത്മഹത്യാ പ്രേരണയിൽ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. ബിനോയിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആക്ഷേപം ഉണ്ടെങ്കിലും കുടുംബം നിഷേധിച്ചു. ആത്മഹത്യക്ക് കാരണം എന്തെന്ന് കണ്ടെത്താനായി സൈബർ പരിശോധന ഉൾപ്പടെയുള്ള അന്വേഷണം തുടരും. ബിനോയിയുടെ പങ്ക് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.