പീഡന പരാതി നിയമപരമായി നേരിടും; ലൈംഗീകാരോപണം നേരിടുന്ന നടൻ ജയസൂര്യ കൊച്ചിയിൽ മടങ്ങിയെത്തി
കൊച്ചി : ലൈംഗീകാരോപണം നേരിടുന്ന നടൻ ജയസൂര്യ കൊച്ചിയിൽ മടങ്ങിയെത്തി. കേസ് കോടതിയിൽ ആയതിനാൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജയസൂര്യ പറഞ്ഞു. എല്ലാം വഴിയേ മനസിലാകും. അഭിഭാഷകനുമായി സംസാരിച്ച ശേഷം മാധ്യമങ്ങളെ വിശദമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചായിരുന്നു പ്രതികരണം. പീഡന പരാതി ഉയര്‍ന്ന ഘട്ടത്തില്‍ അമേരിക്കയില്‍ ആയിരുന്ന നടന് ഇന്നാണ് തിരികെയെത്തിയത്. അന്ന് തന്നെ സോഷ്യല്‍മീഡിയയിലൂടെ താരം പ്രതികരിച്ചിരുന്നു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നത് എന്നായിരുന്നു ജയസൂര്യ പ്രതികരിച്ചത്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും. നിരപരാധിത്വം തെളിയാന്‍ ഉളള നിയമപോരാട്ടം തുടരും. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും ജയസൂര്യ പ്രതികരിച്ചിരുന്നു.
നേരത്തെ ലൈംഗിക പീഡനക്കേസിൽ ജയസൂര്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു. നിലവിൽ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. നടി പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ജയസൂര്യ പറയുന്നത്. വിദേശത്ത് ആയതിനാൽ എഫ്.ഐ.ആർ നേരിട്ട് കണ്ടിട്ടില്ലെന്നും ജയസൂര്യ ഹർജിയിൽ പറഞ്ഞിരുന്നു. 2013ൽ തൊടുപുഴയിലും പരിസരത്തുമായി ചിത്രീകരിച്ച ‘പിഗ്മാൻ’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് നടൻ ജയസൂര്യ തന്നെ കടന്നുപിടിച്ചതെന്ന് നടി പ്രത്യേക സംഘത്തിന്റെ മേധാവി എ.ഐ.ജി പൂങ്കുഴലിക്ക് മൊഴി നൽകിയിരുന്നു. ജയസൂര്യ സിനിമ ലൊക്കേഷനിൽ തന്നെ കയറിപ്പിടിച്ചുവെന്ന പരാതിയിൽ നടി തൊടുപുഴ പൊലീസിന് മൊഴി നൽകിയിരുന്നു.