കളം സംവാദപരിപാടി മാനസികാരോഗ്യം പ്രധാനം; കുട്ടികള്‍ കളിച്ച് വളരട്ടെ -ജില്ലാ കളക്ടര്‍
കണ്ണൂർ:ഹൃദയാരോഗ്യം പോലെ പ്രധാനമാണ് മാനസികാരോഗ്യവും ആരോഗ്യമുള്ള നാളേക്കായി കുട്ടികളും കളിച്ചുവളരട്ടെ !. കുട്ടികളുമായുള്ള പ്രതിവാര കളം സംവാദം പരിപാടിയില്‍ ജില്ലാ കലകര്‍ പി.വിഷ്ണുരാജ് ആരോഗ്യമുള്ള തലമുറകളിലേക്കാണ് ചര്‍ച്ചകളുടെ വഴി തുറന്നത്. വാരംകടവ് റിംസ് ഇന്റര്‍നാഷണല്‍ സ്കൂളിലെയും തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ത്ഥികളാണ് ഇത്തവണ കളത്തില്‍ അതിഥികളായെത്തിയത്.നിങ്ങള്‍ എത്ര പേര് നന്നായി ഉറങ്ങും. ജില്ലാ കലക്ടറില്‍ നിന്നും അപ്രതീക്ഷിതമായ ചോദ്യം കേട്ടതോടെ ചിലര്‍ മടിയന്മാരാകുമോ എന്ന ആശങ്കയില്‍ ഉത്തരം പറയാന്‍ മടിച്ചു. മടിക്കേണ്ട ഉറക്കമാണ് പ്രധാനം ഇതായിരുന്നു കലക്ടറുടെ കുട്ടികളോടുള്ള ഉപദേശം. ശരിയായ ആരോഗ്യത്തിനും മുന്നേറ്റത്തിനുമെല്ലാം നന്നായി ഉറങ്ങണം. കായികവും മാനസികവുമായ ഉല്ലാസമാണ് ജീവിത വിജയത്തിന്റെയും അടിസ്ഥാനം. വിവര വിസ്ഫോടനത്തിന്റെ കാലത്ത് ചിട്ടയോടും ലക്ഷ്യത്തോടെയുമുള്ള പഠനമാണ് ആവശ്യം. ഏത് പഠിക്കണമെന്ന ആശങ്കയില്‍ മാനസികമായി കുട്ടികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന കാലം കൂടിയാണിത്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് നമ്മളില്‍ നിന്നു തന്നെയാണ്. സമൂഹമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളുമെല്ലാം ജീവിതത്തിന്റെ ഭാഗമായി. ഇതില്‍ നിന്നും ഒഴിഞ്ഞ സമയവും അനിവാര്യമാണ്. കലാ കായിക വിനോദങ്ങളെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകണം. ഇതെല്ലാം വ്യക്തിത്വ രൂപാന്തരണത്തിന്റെ സ്രോതസ്സുകളാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സമൂഹത്തെ സേവിക്കാന്‍ സ്ഥാനമാനങ്ങളൊന്നും ആവശ്യമില്ല. ആര്‍ക്കും ഇതില്‍ പങ്കാളിയാകാം മനസ്സാണ് വേണ്ടത്. പഠനത്തെയും കരിയറിനെക്കുറിച്ചുമെല്ലാം ആകുലതയോടെ ചോദിച്ച വിദ്യാര്‍ത്ഥികളോടായിരുന്നു മറുപടി. അനുകമ്പയും ദയയുമാണ് മനുഷ്യന്റെ ഊര്‍ജ്ജം. ഏത് പാഠഭാഗങ്ങളേക്കാളും ഈ മന്ത്രം ജീവിതത്തിന്റെ ഭാഗമാകണം. കലാകായികയിനങ്ങള് വിദ്യാലയങ്ങളിലെ മത്സരങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങി പോകരുത് ഇവയ്ക്കെല്ലാം ഒരു തുടര്ച്ചയുണ്ടാകേണ്ടതും അനിവാര്യതയാണ്. ജീവിതത്തിനൊപ്പം ഇവയും കൊണ്ടുനടക്കാന്‍ കഴിയണമെന്നും പി.വിഷ്ണുരാജ് പറഞ്ഞു. സമൂഹത്തില്‍ തുല്യതയെന്ന ആശയത്തിന്റെ പ്രസക്തിയും അതിന് വേണ്ടിയുള്ള സ്വയം പ്രയത്നത്തെക്കുറിച്ചും അസിസ്റ്റന്റ് കലക്ടര്‍ എസ്.സ്വാതി കുട്ടികളോട് സംസാരിച്ചു. റിംസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങള്‍ കലക്ടര്‍ക്ക് സമ്മാനിച്ചു. വിവിധ വിഷയങ്ങളില്‍ ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് ടീം അംഗങ്ങള്‍ ക്ലാസ്സുകള്‍ നയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാലയങ്ങള്‍ക്കാണ് ജില്ലാ കലക്ടറുടെ പ്രതിവാര കളം സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്.