കണ്ണൂർ അലവിലിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ഭാര്യയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം
കണ്ണൂർ : കണ്ണൂർ അലവിലിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ഭാര്യയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. തലയ്ക്കേറ്റ ശക്തമായ അടിയും തീപൊള്ളലേറ്റതുമാണ് എ കെ ശ്രീലേഖയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഭർത്താവ് പ്രേമരാജൻ ശ്രീലേഖയെ തലക്കടച്ച് വീഴ്ത്തിയ ശേഷം തീകൊളുത്തിയെന്നാണ് പൊലീസ് നിഗമനം. വ്യാഴം വൈകിട്ടാണ് ഇരുവരെയും വീട്ടിലെ കിടപ്പ് മുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടി ചോരവാർന്ന നിലയിലായിരുന്നു. മുറിയിൽ നിന്ന് ചോര പുരണ്ട ഒരു ചുറ്റികയും പൊലീസ് കണ്ടെത്തി.
ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പ്രേമരാജൻ സ്വയം തീകൊളുത്തിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. അത് സാധൂകരിക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ. ഇളയ മകൻ വിദേശത്ത് നിന്ന് വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മരണ വാർത്ത പുറത്തറിഞ്ഞത്. മന്ത്രി എ കെ ശശീന്ദ്രന്റെ മരുമകളാണ് കൊല്ലപ്പെട്ട എകെ ശ്രീലേഖ. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പൊലിസിൽ മൊഴി നൽകി. കൊലപാതക കാരണത്തിൽ പൊലീസിനും വ്യക്തതയുണ്ടായിട്ടില്ല. സിറ്റിപൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ വളപട്ടണം സിഐ ആണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.