കണ്ണൂർ സിറ്റി പൊലീസിന് ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കുന്ന കെട്ടിടം ഫെബ്രുവരി പകുതിയോടെ തുറക്കും
കണ്ണൂർ : കണ്ണൂർ സിറ്റി പൊലീസിന് നാല് നിലകളിലായി ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കുന്ന കെട്ടിടം ഫെബ്രുവരി പകുതിയോടെ തുറക്കും. അവസാന മിനുക്കുപണികളാണ് ബാക്കിയുള്ളത്. കലക്ടറേറ്റിന്റെ അനുബന്ധ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിറ്റി പൊലീസ് കമീഷണറുടേതടക്കമുള്ള ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറും. ജില്ലയിൽ രണ്ട് പൊലീസ് ജില്ലകളാണുള്ളത്. സിറ്റിയും റൂറലും. നേരത്തേ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസായി പ്രവർത്തിച്ച കലക്ടറേറ്റ് അനുബന്ധ കെട്ടിടം തന്നെയാണ് സിറ്റി പൊലീസ് കമീഷണറുടെയും ഓഫീസായത്. അഡീഷണൽ എസ്പിയുടെ ഓഫീസും ഇവിടെതന്നെയാണ് പ്രവർത്തിച്ചത്. റൂറൽ ജില്ലാ ആസ്ഥാനം മാങ്ങാട്ടുപറന്പിലാണ്. കണ്ണൂർ ഹെഡ് ക്വാർട്ടേഴ്സ് വളപ്പിലെ പഴയ വെഹിക്കിൾ ഷെഡും മറ്റും പൊളിച്ചുനീക്കിയാണ് പൊലീസ് സിന്തറ്റിക് ട്രാക്കിന് അഭിമുഖമായി കെട്ടിടം നിർമിച്ചത്. 35000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം 12.62 കോടി രൂപ ചെലവിട്ടാണ് പൂർത്തിയാക്കിയത്. ഗ്രൗണ്ട് ഫ്ലോറിലാണ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് പ്രവർത്തിക്കുക. കാത്തിരിപ്പുമുറിയും വിഐപി മുറിയും ഡൈനിങ്ങുമൊക്കെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാനിലകളിലും ടോയ്ലറ്റുകളുമുണ്ട്. ഒന്നാം നിലയിൽ സിറ്റി ജില്ലയുടെ ഓഫീസിനായാണ് സജ്ജമാക്കിയത്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും ജില്ലാ ക്രൈംബ്രാഞ്ചിന്റെയും ഓഫീസുകളും ഒന്നാം നിലയിലാണ്. വനിതാ ജീവനക്കാർക്കുള്ള വിശ്രമമുറിയുമുണ്ട്. സിറ്റി പൊലീസ് കമീഷണറുടെ ഓഫീസ് രണ്ടാം നിലയിലാണ്. അഡീഷണൽ എസ്പിയുടെ ഓഫീസും വീഡിയോ കോൺഫറൻസ് ഹാളും സൈബർ സെല്ലും പെറ്റീഷൻ സെല്ലും ഇൗ നിലയിലാണ്. മൂന്നാം നിലയിൽ നാർകോട്ടിക് സെല്ലിന്റെയും എസ്പിസിയുടെയും ഓഫീസുകൾ പ്രവർത്തിക്കും. 250 പേർക്ക് ഇരിക്കാവുന്ന അസംബ്ലിഹാളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മൂന്നാം നിലയുടെ ഒരു ഭാഗം റെക്കോർഡ് റൂമായി ഉപയോഗിക്കും.