കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ
കണ്ണൂർ : കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ. ജീവനക്കാർ ചേർന്ന് പിടികൂടി യുവാവിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിൽ എന്ന് സംശയം. കണ്ണൂർ ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു. രാത്രി പത്ത് മണിയോടെ യാണ് സംഭവം നടന്നത്. പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സ്വകാര്യ ലേഡീസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. പ്രതിയെ കസ്റ്റഡിയിലെടു ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.
ഒരു ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്ത് എത്തിയത്. വാഹനം ഹോസ്റ്റിലിന് സമീപത്ത് പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി മതിൽകെട്ടിനകത്തേക്ക് അകത്ത് കടക്കുകയായിരുന്നു. പക്ഷേ ഹോസ്റ്റലിലെ അന്തേവാസികളായ ചില പെൺകുട്ടികൾ ഇയാളെ കണ്ട് വിവരം വാർഡനെ അറിയിച്ചു. വാർഡൻ പറഞ്ഞതനുസരിച്ച് പരിശോധിക്കാനെ ത്തിയ സെക്യൂരിറ്റി ജീവനക്കാരെ കണ്ട് മതിൽ ചാടി ഇറങ്ങി ഓടിയ പ്രതിയെ 100 മീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്നാണ് സൂചന. പ്രതി ഒറ്റക്കാണോ, മറ്റാരെങ്കിലും കൂടെയുണ്ടായിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്