64ാമത് കേരള സ്കൂൾ കലോത്സവത്തിൽ കലാകിരീടം സ്വന്തമാക്കിയ കണ്ണൂർ ടീമിന് ജില്ലയിലാകെ സ്വീകരണം
കണ്ണൂർ : തൃശ്ശൂരിന്റെ മണ്ണിൽനിന്ന് ഉയർത്തിയ സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പിന് കണ്ണൂരിൽ ഉജ്ജ്വല വരവേൽപ്പ്. കപ്പുമായെത്തിയ കുട്ടികൾക്ക് നഗരം ഊഷ്മളസ്വീകരണമേകി. കപ്പുമേന്തി കണ്ണൂരിന് ജയ് വിളിച്ച് കുട്ടികൾ ഓളംതീർത്തു. സെയ്ന്റ് തെരേസാസ് എഐഎച്ച്എസ്എസിലെ കുട്ടികളുടെ മനോഹരമായ ബാൻഡുമേളം സ്വീകരണത്തെ കൊഴുപ്പിച്ചു. ബാൻഡുമേളത്തിന് അകമ്പടിയായി കുട്ടികളുടെ ആരവവും ജനപങ്കാളിത്തവും സ്വീകരണത്തിന് ഉത്സവച്ഛായ നൽകി.
മാഹിയിൽനിന്ന് തുടങ്ങിയ സ്വീകരണയാത്ര കാൽടെക്സിൽ എത്തിയപ്പോൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെവി. സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായി രുന്നു സ്വീകരണം. വിവിധ സ്കൂളുകളിൽ നിന്നായി കലോത്സവത്തിൽ പങ്കെടുത്ത നിരവധി കുട്ടികൾ യാത്രയിലുടനീളം ആരവമൊരുക്കി. കുട്ടികൾക്കും സ്വീകരണച്ചടങ്ങിനെത്തിയവർക്കുമായി മാതൃഭൂമിയും ജില്ലാ പഞ്ചായത്തും ചേർന്ന് മധുരവിതരണവും നടത്തി. സ്വർണക്കപ്പും ട്രോഫിയുമായെത്തിയ സംഘത്തിന് കണ്ണൂർ കാൽടെക്സ് മുതൽ ടൗൺ സ്ക്വയർവരെ വൻ വരവേൽപ്പായിരുന്നു. കപ്പുമായി എത്തുന്ന കുട്ടികളെ വരവേൽക്കാൻ റോഡിന് ഇരുവശത്തു മായി ആളുകൾ നിറഞ്ഞുനിന്നു. നിറഞ്ഞ ആൾക്കൂട്ടത്തിലേക്ക് ആഘോഷപൂർവം സ്വർണക്കപ്പുമായെത്തി കുട്ടികളെത്തി.
നിരവധി കുട്ടികളും രക്ഷിതാക്കളും കുട്ടികളുടെ നേട്ടത്തിന് കിട്ടുന്ന അംഗീ കാരത്തിന് സാക്ഷിയായി. സ്വർണക്കപ്പിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുത്തമിട്ടു. ഏതൊരു വേദിയിലും ആരോടു മത്സരിച്ചാലും വിജയകിരീടം ചൂടുന്ന കുട്ടികളാണ് കണ്ണൂരിലെ കുട്ടികളെന്ന് തെളിയിച്ചെന്ന് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി. ശബ്ന, സ്ഥിരംസമിതി അധ്യക്ഷൻമാരായ എ. പ്രദീപൻ, പി. രവീന്ദ്രൻ, ബോബി എണ്ണച്ചേരി, അംഗങ്ങളായ കെ. അനുശ്രീ, പി. പ്രസന്ന, സി.കെ. മുഹമ്മദലി, പി.വി. ജയശ്രീ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, വൈസ് പ്രസിഡന്റ് എം.കെ. സെയ്ത്തു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ശകുന്തള, എസ്എസ്കെ ജില്ലാ കോഡിനേറ്റർ ഇ. വിനോദ്, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ കെ.സി. സുധീർ, കലോത്സവം ജില്ലാ പ്രോഗ്രാം കൺവീനർ കെ. പ്രകാശൻ, പാനൂർ എഇഒ ബൈജു കേളോത്ത്, ചൊക്ലി എഇഒ ബാബുരാജ്, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയദേവൻ, ന്യൂമാഹി എംഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.പി. റീത്ത എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ജില്ലാ അതിർത്തിയായ മാഹിയിൽനിന്ന് സ്വീകരിച്ച് തലശ്ശേരി, ധർമടം മുഴപ്പിലങ്ങാട്, എടക്കാട്, ചാല, താഴെചൊവ്വ, മേലെചൊവ്വ, കാൽടെക്സ് വഴിയാണ് വൈകീട്ട് അഞ്ചോടെ ടൗൺ സ്ക്വയറിൽ എത്തിയത്.